Thursday, April 28, 2016

എറുമ്പുകൾ....

                കറുപ്പൻ ആ മണൽത്തിട്ടക്കരികിൽ കിടന്നു ആകാശത്തേക്കു നോക്കി..,, കടലവിടെ സുനാമി തിരകൾ തീരത്തു ആർത്തുല്ലസിക്കുന്നു....,, വീണുകിടക്കുന്ന കൊടികൾ പുതപ്പു കണക്കെ കറുപ്പനെ മൂടുന്നു...,, നൂറാൾ പൊക്കത്തിൽ അവനു മുന്നിലൂടെ ആൾ രൂപങ്ങൾ നടന്നു നീങ്ങുന്നു...,, അവർ രാമനും കൃഷ്ണനും വേണ്ടി മന്ത്രങ്ങൾ ചൊല്ലുന്നു....
അവരുടെ കാലടിയിൽ കിടന്നു കൊണ്ട്‌  കറുപ്പൻ ഉറക്കെ ഉറക്കെ വിളിക്കുന്നുണ്ട്‌
"ഏമാൻ മാരേ അടിയനിനിയിതാവർത്തിക്കില്ലാ..,, എനിക്കൊരാൾ വലിപ്പം തരൂ..."
ആരു കേൾക്കാൻ..,, കാലടികളുടെ ചവിട്ടും തേപ്പും കൊണ്ട്‌ കറുപ്പൻ കിടന്നു പുളഞ്ഞു....
            പാടത്തു കൊയ്ത്തും മെതിയും തുടങ്ങുമ്പൊഴും തമ്പ്രാന്മാർക്കു വാൾതല മൂർച്ച വെപ്പിക്കേണ്ടപ്പൊഴും മാത്രം അവർ കറുപ്പനെ വലുതാക്കും,, അവനു പറമ്പു കാണിച്ചു കോടുക്കും...,, പണിയെടുപ്പിക്കും....,,, പണിക്കാലം കഴിഞ്ഞാൽ കറുപ്പൻ വീണ്ടും ചെറുതാവും..,,
മന്ത്രവും തന്ത്രവും അറിയാവുന്ന വല്യ തമ്പുരാക്കന്മാർക്കാണോ കറുപ്പന്റെ വലിപ്പം ഒരു പ്രശ്നമാകുന്നു....ഹേ ഹേ..
            പകൽ കറുപ്പനെ തൊട്ടാൽ കുളിക്കുന്ന തമ്പ്രാക്കന്മാർ അന്തിക്കൂട്ടിനു കറുപ്പന്റെ പെണ്ണിനെ മാത്രം വലുതാക്കി ഭോഗവസ്തുവാക്കി..
കറുപ്പൻ കരഞ്ഞതു ആരും കണ്ടില്ല.,,

കറുപ്പൻ കുഞ്ഞല്ലേ...

        വലിപ്പത്തിൽ വയലിൽ പണി എടുത്തു നിൽക്കുന്ന കറുപ്പനോട്‌ തെക്കേ കണ്ടത്തിലെ പൂട്ടുകാരൻ മണിയൻ ചങ്ക്‌ തല്ലി  പറഞ്ഞു.,, കഴിഞ്ഞ രാത്രി തമ്പ്രാൻ അവന്റെ പെണ്ണിനെ വലുതാക്കിയ കഥ..... അതു കേട്ട കറുപ്പൻ തിരിച്ചും കഥകൾ പറഞ്ഞു..,, കേട്ടു നിന്നവരും പറഞ്ഞു..,, കണ്ടു നിന്നവരും പറഞ്ഞു..,,, കഥകൾ...,, കൊറേ അധികം കഥകൾ....
               കഥകളെല്ലാം കഴിഞ്ഞു എല്ലാരും ഒന്നിച്ചു നടന്നു.,.,, എറുമ്പു കണക്കെ കറുപ്പന്മാരുടെ യാത്ര കണ്ട്‌ നെഞ്ചിനു കുറുകെ നൂലിട്ടവർ ചിരിച്ചു,,, ആർത്തു ചിരിച്ചു..,,

അന്നു രാത്രിയും പെണ്ണുങ്ങൾ വലുതായി,,,

പിറ്റേന്ന് കറുപ്പനെ കുടിയിറക്കി,,

വഴിയിൽ കണ്ടതിനു മണിയനോട്‌ ഏമാന്റെ ചാട്ട കുശലം പറഞ്ഞു.,,

നെല്ലു കുത്തിയ അരിയിൽ ഉമി കണ്ട തമ്പ്രാൻ കറുമ്പിയെ തുണിയുരിഞ്ഞു നിർത്തി തല്ലി...,,

അന്നു അന്തിക്കു തല്ലുകൊണ്ടവരൊക്കെ കൂടി നിന്നു വീണ്ടും കഥ പറഞ്ഞു..,, അന്നാ കഥയിൽ കൊറേ കാര്യവും വന്നു.....
            പിറ്റേന്നു തമ്പ്രാന്റെ നാലുകെട്ടു നിന്നു കത്തി..,,, കൊപ്രക്കളം തച്ചു പൊളിച്ചു..,,... എല്ലാം ചെയ്തിട്ടു പോയതാരെന്നറിയാൻ തമ്പ്രാൻ പരക്കം പാഞ്ഞു..,, കൊറെ കറുപ്പന്മാർ  എറുമ്പു കണക്കെ വരി വരിയായി പോകുന്നു....,,
"ഇവന്മാർ എന്തു ചെയ്യാൻ " എന്നു ചിന്തിച്ച തമ്പ്രാൻ വീണ്ടും പരക്കം പാഞ്ഞു...,,

 വരി വരിയായി പോയ കറുപ്പന്മാരുടെ കയ്യിലെ തുണിയുടെ നിറം തമ്പ്രാൻ കണ്ടില്ല..,,

അല്ലെങ്കിലതു കത്തിയ പുരയുടെ അന്തപുരത്തിൽ നിന്നും ഓടിയ തമ്പുരാട്ടി കുട്ടിയുടെ ചോരക്കറയാണെന്നു നിരീച്ചിരിക്കാം...

       അന്നു കറുപ്പനും പഠിച്ചു,, സ്വയം വലുതാകാനുള്ള മന്ത്രം...

         കറുപ്പൻ മന്ത്രം പഠിച്ചു,, വേദം പഠിച്ചു,, മുതലാളിയായി,, സ്വയം വലുതാവാനുള്ള മന്ത്രം പഠിച്ച കറുപ്പൻ ചെറുതാവാനുള്ള മന്ത്രം പിന്നാലെ വന്നവർക്കു പറഞ്ഞു കൊടുത്തില്ല...,, അല്ലെങ്കിലും കറുപ്പനെന്തിനു ചെറുതാകണം...
കറുപ്പൻ വലുതായപ്പൊ വലുതായി നിന്നോർക്ക്‌ പിന്നെം വലുതാവാൻ പൂതി മൂത്തു,,

        "തമ്പ്രാന്മാർ പൂജിച്ച കല്ലുകൾക്കു ജീവനുണ്ടെന്നും ഇല്ലെന്നും വിശ്വസിക്കാൻ കറുപ്പനും തമ്പ്രാനും കഴിഞ്ഞില്ല.,, അവർ മുഖത്തോട്‌ മുഖം നോക്കി..."

കറുപ്പൻ ചിരിച്ചു,,, വലുതായി,, തമ്പ്രാൻ കരഞ്ഞു,,...,, പണ്ട്‌ മണിയനും കറുമ്പിയും കരഞ്ഞ അതേ കണ്ണു നീർ...,, ജോസഫും മമ്മാലിയം തമ്പ്രാനേയും കറുപ്പനേയും നോക്കി എന്തിനോ വേണ്ടി നെടുവീർപ്പിട്ടു....
        തമ്പ്രാൻ അലറി കരഞ്ഞു കൊണ്ടിരുന്നു..,, തന്റെ സുഖങ്ങൾ തട്ടിയെടുത്ത കറുപ്പനെ ചീത്ത വിളിച്ചു,, ഒളിഞ്ഞു നിന്നു കല്ലെറിഞ്ഞു,, കുറ്റം പറഞ്ഞു..,, എന്നാ പണിയെടുത്തു തയമ്പിച്ച കറുപ്പന്റെ മെയ്യിനും മനസ്സിനും അതു കതിരിനു കാറ്റു പോലെ ആയിരുന്നു...
          കറുപ്പൻ തന്റെ കഥകൾ ലോകത്തോടു പറഞ്ഞു , ലോകം നോക്കി നിൽക്കെ തമ്പ്രാൻ വീണ്ടും ചെറുതായി....
വരി വരിയായി നീങ്ങുന്ന എറുമ്പുകളുടെ കാലുകൾക്കിടയിൽ കിടന്നു തമ്പ്രാൻ കരയുന്നതു ആ എറുമ്പുകൾ പോലും കേൾക്കുന്നില്ല.....
കറുപ്പന്റെ ഉയരം കണ്ടു നൊസ്സ്‌ ഇളകിയ തമ്പ്രാന്മാർ കൂട്ടത്തോറ്റെ ജമീന്ദാരിന്റെ നാട്ടിലേക്കു നടന്നു.., തന്റെ കഥകൾ പറയാൻ ആരുമില്ലാത്ത ആയിരക്കണക്കിനു കറുപ്പന്മാർ ഇന്നുമുള്ള ജമീന്ദാരിന്റെ നാട്ടിലെക്ക്‌..,, അവിടെ കറുപ്പന്മാരുടെ വായിൽ പൂണൂലിന്റെ ബാക്കി വന്ന കഷ്ണം തിരുകി കയറ്റിയിരിക്കുന്നു...,, ജമീന്ദാരിന്റെ കിഴങ്ങു തോട്ടങ്ങളിൽ അവർ പണിയെടുക്കുന്നു..,, ജമീന്ദാർ ഈശ്വരന്റെ കയ്യാളാണെന്നു വിശ്വസിച്ചു കൊണ്ട്‌....

തമ്പ്രാന്മാർ ജമീന്ദാർമ്മാരെ പോയി കണ്ടു,, കറുപ്പന്റെ കഥ പറഞ്ഞു...,,, കഥ കേട്ട ജമീന്ദാർ ഒന്നു ചിരിച്ചിട്ടു ഒരു പണിക്കാരനെ വിളിച്ചു,,
"വലുതാവാനുള്ള മന്ത്രം പറയടാ..."
അവനത്‌ തെറ്റു കൂടാതെ പറഞ്ഞു..,,
"ഇനി ചെറുതാവാനുള്ളതു പറയടാ.."
അവനതും പറഞ്ഞു...,,
"
ഇനി ആ കാണുന്ന മരത്തിന്റെ ചോട്ടിലെ കല്ല് എന്താണെന്നു പറ..,"
"അത്‌ ദൈവം,, നമ്മളെ ഉണ്ടാക്കിയ ദൈവം,, ഏമാന്റെ മുതലാളി..,, "
"ദൈവം എന്തു ചെയ്യും എന്നു പറ..
"ഞാൾ എന്താ ചെയ്യണ്ടേന്നു ഏമാനോട്‌ പറയും..,, ഏമാൻ അതു ഞാളോടും പറയും..,, ഞാൾ അത്‌ ചെയ്യും.."
"അപ്പൊ വലുതാവാനും ചെറുതാവാനും ആരാ പറയാ??"
"ഞാളോട്‌ ഏമാൻ പറയും,,ഏമാനോട്‌ ദൈവോം..."
ജമീന്ദാർ തമ്പ്രാനെ നോക്കി ചിരിച്ചു,, കാര്യം തിരിഞ്ഞ തമ്പ്രാൻ ഇളിച്ചിരുന്നു...
           അവിടന്നു കിട്ടിയ ലോക പരിജ്ഞാനം കൊണ്ട്‌ തമ്പ്രാൻ കറുപ്പന്റെ നാട്ടിലേക്ക്‌ തിരിച്ചു വന്നു,, ജമീന്ദാർ പഠിപ്പിച്ച പാഠങ്ങൾ ഇവിടെ പാടി നടന്നു..,, കേട്ടവർ കുറേ ഒന്നിച്ചു കൂടി,,, തമ്പ്രാന്റെ കൂടെ ഏറ്റു പാടി..,,, ചില കറുപ്പന്മാരും കൂടെ കൂടി,,,
പണ്ട്‌ മറന്നു വെച്ച ചെറുതാവാനുള്ള മന്ത്രം ഓർത്തെടുത്തൂ..,,,
       
          "പറഞ്ഞു ചിരിച്ച അവരുടെ കാലിനടിയിലൂടെ എറുമ്പുകൾ വരി വരിയായി നടന്നു നീങ്ങി...."

വർഷം 2016