"എനിക്ക് കാൻസർ ആണു"
അവൾ പറഞ്ഞു..,, അത് അവളേക്കാൾ നമുക്കറിയാം എന്ന് തിരിച്ചു പറയണം എന്നുണ്ടായിരുന്നു..,, കഴിഞ്ഞില്ല...
"എല്ലാം ഭേദാവും"
ഓരോ തവണ കാണുമ്പൊഴും ഞാൻ അതു തന്നെ പറഞ്ഞു കൊണ്ടിരുന്നു...
അവളുടെ ആ കണ്ണുകൾ മരിച്ചു തുടങ്ങിയിരുന്നു,, അർദ്ധ നഗ്നമായ ആ ഉടലിൽ വെയിലേറ്റു തൊലി ചുട്ടു തേഞ്ഞ പാടുകൾ ഉണ്ടായിരുന്നു..,, അതിലൊന്നിലേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു
"ഒരു രാത്രികൊണ്ടും ,, ഏതാനം രാത്രികൾ കൊണ്ടും തീർന്ന ഒരുപാടു പേരെ എനിക്കറിയാം,, ഞാനിതെത്ര വർഷങ്ങളായി,, എടക്കൊന്ന് ഭേദാവും ചോരയൊക്കെ വെച്ച്...,, പെട്ടന്ന് തന്നെ എങ്ങോട്ടൊക്കെയോ ഒലിച്ച് പോകും..,, എന്നാണാവോ എന്നെ അങ്ങു വിളിക്കുന്നത്...സങ്കടം ഉണ്ട് മരിക്കാൻ,, എന്നെ ഓർക്കാൻ ഒത്തിരി പേരുണ്ട്, അവരെയൊക്കെ മറക്കണമല്ലോ എന്ന സങ്കടം,, എന്റെ കാലടികളിലെ നനവു പോലും വിറ്റവർ ചെയ്തതിനു എന്നെ സ്നേഹിച്ചവരുടെ കണ്ണുനീർ പകരം ചോദിക്കട്ടെ..,,
ഞാൻ നിള..., ആശാനും ഉള്ളൂരും വള്ളത്തോളും എഴുതിയ അതേ നിള....,, തുമ്പിപൊക്കി കാറ്റെടുത്ത് കൊമ്പന്മാർ നീരാടിയ നിള,, നീരു വറ്റുവോളം പലരാലും ഭോഗിക്കപ്പെട്ട നിള..,
ഇന്നു ഞാൻ പ്രാർത്ഥിക്കട്ടെ,, ഇവിടെയൊരു സരസ്വതിയായി സ്വയം മാറാൻ...."
'നിളേ നിന്റെ ചോരയുടെ നനവുള്ള കൂരക്ക് കീഴിലാണു ഞാൻ ഇന്നും കഴിയുന്നത്,, കുറ്റബോധത്തിന്റെ കറകളുമായി...,'
പറഞ്ഞില്ല..,, ഭയന്നിട്ടല്ല,, കൂട്ടികൊടുപ്പിന്റെ കറ പറ്റിയ ഉടൽ അവൾ കാണാതിരിക്കാൻ....
മാപ്പ്..,, എല്ലാത്തിനും...