ഏകാന്തതയുടെ മടുപ്പിൽ പൊതിഞ്ഞ എന്റെ മനസ്സും ശരീരവും അവജ്ഞ തോന്നിപ്പിക്കുന്ന ഒന്നായി രൂപാന്തരപെട്ടു., ഞാൻ നടന്ന വഴികളിൽ അമ്മമാർ മക്കളേയും കൊണ്ട് മാളങ്ങളിൽ ചേക്കേറി, എന്നും പൂച്ച മാത്രം തോൽക്കുന്ന ആ പഴയ രസികൻ പരമ്പര മനസ്സിലൂടെ ഒന്നോടി പോയി....
എഴുത്തച്ഛൻ വളവിൽ ഇപ്പോഴും അണ്ടി കണാരന്റെ പെട്ടി പീടിക ബാക്കിയുണ്ട്, പറങ്കിമാന്തോപ്പിൽ നിന്നും കട്ടുപറിച്ച അണ്ടികൾ കൊണ്ടുവന്നു വിറ്റു തിന്നിരുന്നത് അണ്ടി കണാരന്റെ ഈ പെട്ടിപ്പീടികയിൽ തന്നെ, അന്ന് കൂടെ നിന്നിരുന്ന പലരും പിന്നീട് പറിച്ചു നടപ്പെട്ട് കൂടൊഴിഞ്ഞു പോയി, വിനയനും ബാലനും പോയത് ഞാൻ അറിഞ്ഞില്ല,, സൈദാലിക്കാടെ മോൻ അബ്ദു ദീനം വന്ന് തമിഴ്നാട്ടിലേക്കെങ്ങോ ഓടി മറഞ്ഞു., ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞത് ഞാനും കേട്ടു,,
എനിക്ക് ചിരികൾ എന്നോ ആത്മാവിൽ നിന്നും പറിച്ചെടുക്കപ്പെട്ട നിമിഷങ്ങളിലെ ഓർമകൾ മാത്രം ആയിരുന്നു., അബ്ദു ചിരിക്കാറുണ്ട് എന്നെ നോക്കി, എന്നെക്കാൾ രണ്ടു വയസ്സു മൂപ്പുള്ള ഒരു ഇക്കാന്റെ സ്നേഹം അവനെന്നോട് കാണിച്ചിരുന്നു.. വിനയനും ബാലനും ഒരു കളി കലർന്ന ചിരിയായിരുന്നു എനിക്ക് നേരെ.... എന്റെ അമ്മ എന്നെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, വേറെ ആരും എന്നെ നോക്കി ചിരിക്കാറില്ല.,, അതെന്താണെന്ന് കുറേ കാലം എനിക്കറിയില്ലായിരുന്നു, ഒരിക്കൽ റൊട്ടി ചുട്ടെടുക്കുന്നതിനിടെ പൊള്ളിയ കൈ കൂട്ടിപിടിച്ച് ഞാൻ അമ്മയോട് അത് ചോദിച്ചു:-
ഞാൻ വെളുത്തിട്ടാണ്,, ചെത്തി എടുത്ത പോലെ നല്ല ചതുരൻ മുഖം., പെട്രോമാക്സിന്റെ വെളിച്ചം തട്ടിയ പോലെ ചുകന്നിട്ടാണ് തലരോമങ്ങൾ,, വീട്ടിലെ മുറിക്കണ്ണാടി ഒട്ടിച്ചു വെച്ച ചുവരിൽ പോയി നോക്കി നിൽക്കുമ്പോൾ ഞാൻ സുന്ദരനാണ്, അച്ഛന്റെ മടിയിൽ ഇരുന്ന് നിലവിളിച്ചുകൊണ്ട് ആ ഹിന്ദി സിനിമ കണ്ടത് ഞാൻ ഓർക്കുന്നു., അതിലെ നായകനെ പോലെ എനിക്ക് പലപ്പോഴും എന്നെ തോന്നിയിട്ടുണ്ട്.., ഒരുപാട് വർഷം മുൻപാണത്,, നീല ഷിഫോണ് സാരിയിൽ ഉടലുകാട്ടി നൃത്തം ചെയ്യുന്ന ആ നായികയെയും ചുവന്ന മേൽകോട്ടിട്ട ആ നായകനെയും മാത്രമാണ് എനിക്കോര്മയുള്ളത്,, ആ ഷിഫോണ് സാരിക്കിടയിലൂടെ കാണുന്ന നായികയുടെ ശരീരത്തിലേക്ക് ചുകപ്പ് തെറിച്ചു വീഴുന്നത് കണ്ടപ്പോൾ ഞാൻ കരുതിയത് നായകന്റെ മേൽകോട്ടിന്റെ ചുകപ്പ് പടർന്നതാണെന്നാണ്...
അതിനപ്പുറം അകലങ്ങളിലേക്കൊഴുകുന്ന വണ്ടി പാളങ്ങൾ താണ്ടി 'അമ്മ എന്നെ സുരക്ഷിതം എന്ന വിധം ഇവിടെ എത്തിച്ചു...,ആളറിയാത്ത,, മൊഴിയറിയാത്ത ഒരു പുതിയ തുടക്കം.... ഇരുട്ട് പരക്കുമ്പോൾ എന്നെ ആകാശത്തേക്ക് എടുത്തുയർത്തി ആഘോഷിച്ചിരുന്ന അച്ഛനെ ഓർമ വരുമ്പോൾ ഞാൻ ഇടക്കെ ചിരിക്കാൻ ശ്രമിക്കും., ഇല്ല കരഞ്ഞു കറയൊലിച്ച എന്റെ കവിളുകൾക്ക് ഭാരിച്ച ഒരു ദുഃഖത്തിന്റെ മേലാപ്പുണ്ടായിരുന്നു,, അന്ന് തൊട്ടാണ് എന്നെ നോക്കി ചിരിക്കുന്ന മുഖങ്ങളെ ഞാൻ തിരയാൻ തുടങ്ങിയത്.... അതിൽ സന്തോഷം തന്ന ചിലതാണ് ഇപ്പോൾ മാഞ്ഞു പോയിക്കൊണ്ടിരിക്കുന്നത്. എഴുത്തച്ഛൻ വളവിനടുക്കേ മഴമരങ്ങൾ നിറഞ്ഞ ഒരു പ്രേതപറമ്പിനപ്പുറം ഇംഗ്ളീഷ് മട്ടിൽ ഒരു മാളിക ഉണ്ട്, അവിടെ ഞാനൊരു വയസ്സനെ കാണാറുണ്ട് ആയിടക്ക്., അയാൾ മാത്രമേ എന്നെ നോക്കി ചിരിക്കാറുള്ളൂ..,വെളുത്ത നീണ്ട ജുബ്ബയും എന്റെ വലിപ്പത്തിലുള്ള കാലുകൾക്ക് തുന്നിച്ച പാന്റും ഇട്ടൊരു വയസ്സൻ,, അയാൾ മാത്രം ആണൊരു തുടർച്ച....
അണ്ടിത്തോപ്പുകൾ മാറിക്കൊണ്ടിരിക്കുന്നു,, പഴുത്തിലകളുടെ ജീർണ്ണിച്ച ഗന്ധം ഒട്ടും ഇല്ലാതായിരിക്കുന്നു,, മുകളിലേക്ക് നോക്കിയപ്പോൾ ആകാശത്തിന്റെ നീലിമയിലേക്ക് വിശാലമായി അകം തുറന്നിട്ട് പറങ്കി മാവുകൾ നിന്നു,, തല കുനിച്ചു നടന്ന് നടന്ന് ആകാശം എന്നൊന്നുണ്ടെന്നു തന്നെ മറന്നു തുടങ്ങിരിക്കുന്നു,, ഉച്ചിയിൽ വെയിലടിച്ചു പൊള്ളുന്നുണ്ടെങ്കിലും നടന്നു,, അര കാശിനു പുളിമധുരം വാങ്ങാൻ ഒത്താൽ ഒത്തു. പലതും ഓർത്തിങ്ങനെ നടക്കവേ അല്പം പരുഷത്തോടെ ആ ബലിഷ്ഠമായ കൈകൾ എനിക്ക് മേൽ വന്നു വീണു,, പിള്ള മാഷാണ്,, ഈ പറങ്കിമാന്തോപ്പ് അയാളുടെ ആണ്.., അങ്ങനെ വർഷങ്ങളുടെ അണ്ടിമോഷണ കഥയിൽ ഞാൻ മാത്രം വില്ലനായി.,, പിള്ള മാഷിന്റെ കയ്യിൽ നിന്നും ഓടി രക്ഷപെട്ട് കിതചലച്ചു അമ്മയുടെ മടിയിൽ മെല്ലെ തലവെച്ചുറങ്ങി...
കണ്ണിൽ വെളിച്ചം മിന്നിയപ്പോൾ മുഷിഞ്ഞു നാറിയ ഉമ്മറത്ത് ആരോ രണ്ടുപേർ ഇരിക്കുന്നു., 'അമ്മ അകത്തുനിന്ന് പിച്ചള പാത്രത്തിൽ സർബത്തുമായി അങ്ങോട്ട് ചെന്നു എന്തൊക്കെയോ കുശലം ചോദിക്കുന്നതിനിടെ അമ്മക്ക് പിന്നിൽ പതുങ്ങി നിന്നുകൊണ്ട് ഞാൻ അവരിലേക്ക് എന്നെ എത്തിച്ചുകൊണ്ടിരുന്നു...മഴ മരങ്ങളുടെ കനത്ത നിഴലിൽ ഞാൻ കണ്ട, എന്നെ നോക്കി സൗമ്യം ചിരിച്ച ആ വയസ്സൻ, അല്ല,, വയസ്സനല്ല,, മുഖം ചുളിവുകളാൽ വികൃതമായിട്ടില്ല., രോമങ്ങളിൽ മാത്രം പ്രായത്തിന്റെ പ്രാരാബ്ധം.. കൂടെ ഒരു പെണ്കുട്ടി,, എന്നോളം വരും, നീല കണ്ണുകൾ ഉള്ള വെളുത്ത ഒരു കുട്ടി... വിനയൻ പണ്ടൊരു കഥ പറഞ്ഞു തന്നതോർക്കുന്നു.., സിലോണിൽ നിന്നും കൊണ്ടു വന്ന ഒരു നീല കണ്ണുള്ള പാവയുടെ കഥ, എനിക്കെന്തോ ആ പാവയുടെ നിറം മനസ്സു നിറച്ചു... അമ്മ വളരെ ശാന്തമായി അവരോട് സംസാരിക്കുന്നതിനിടെ ഒളികണ്ണിട്ട് എന്നെയും ആ പെണ്കുട്ടിയെയും മാറി മാറി നോക്കുന്നുണ്ട്, അവർ നീണ്ട വഴിയിലേക്കിറങ്ങാൻ നേരം 'അമ്മ ചെറുതായൊന്ന് ചിരിച്ചു,, എന്റെ ചൂഴ്ന്നു നോട്ടത്തിന് ഭയന്നിട്ടെന്ന പോലെ എന്നെ പാളി നോക്കിക്കൊണ്ട് ആ എറിഞ്ഞ ചിരിയെ തിരികെ വിളിച്ചു, എന്റെ ബാല്യത്തിനു പരിചിതമല്ലാത്ത ഒരു ചിരി...
പിറ്റേന്ന് അണ്ടി കണാരൻ പലക പാളികൾ നീക്കി സ്പടിക പാത്രങ്ങൾ അടുക്കി വെച്ചുകൊണ്ടിരുന്നു.., വളവിൽ കായ്ച്ചു നിക്കുന്ന മൂവാണ്ടന്റെ ഉച്ചി നോക്കി കൊതിച്ചു നിക്കുന്ന എന്നെ രൂക്ഷമായൊന്ന് നോക്കി അയാൾ അകത്തേക്ക് കയറി ഇരുന്നു,, ഞാൻ ആർക്കോ വേണ്ടി വണ്ടി ചക്രങ്ങൾ എന്നി ആ മൈൽ കുറ്റിക്ക്‌മേൽ കാക്ക കാഷ്ടം കയ്യാൽ തട്ടി തെറിപ്പിച്ചു ആധികാരികതയോടെ ഇരുന്നു,, തർക്കിക്കാനും തോല്പിക്കാനു എനിക്ക് ഞാൻ മാത്രമേ ഉള്ളൂ... മഴമരങ്ങൾക്കിടയിലൂടെ വയസ്സനും പെണ്കുട്ടിയും ഉലാത്തുന്നുണ്ട്,, പറമ്പിനിപ്പുറത്തെ വടികെട്ടിയ വേലി എടുത്തുയർത്തി ഒരാൾ കൂടി അങ്ങോട്ട് കടന്നു ചെന്നു.,'അമ്മ....,, 'അമ്മ ചിരിക്കുന്നു,, ആ പെണ്കുട്ടിയെ താലോലിക്കുന്നു.., ആഅരങ്ങൾക്കിടയിൽ അതി ശക്തമായി പേമാരി പെയ്തിറങ്ങുന്നത് പോൽ മനസ്സ് ഇരുണ്ടു കൂടി,, എന്തുകൊണ്ടോ ആ ഷിഫോണ് സാരി ഉടുത്ത് ഉടലാട്ടുന്ന നായികയെയും ചുകന്ന മേൽകൊട്ടിട്ട നായകനെയും ഓർമ വന്നു..., ആ മഴ മനസ്സിന്റെ കാര്മേഘക്കൂട്ടത്തിൽ നിന്നും മെല്ലെ ഒഴുകി എന്റെ കണ്ണുകളിൽ വന്നു നിന്നു., അമ്മയുടെ ചിരി മാത്രമായിരുന്നു എന്നെ കാരയിച്ചത്., കണ്ണുകൾ ഒഴുകുന്നത് കണ്ട കണാരൻ "എന്താടാ ചെക്കാ മോങ്ങണേ ?" എന്നൊരു പരുക്കൻ ചോദ്യത്തിൽ എന്റെ മനസ്സിന്റെ നിശബ്ദത എറിഞ്ഞുടച്ചു... നിലവിലച്ചുകൊണ്ട് ഞാൻ ഓടി., അടഞ്ഞു കിടന്ന വീടിന്റെ തിണ്ണയിൽ കരഞ്ഞുരുകി ഞാൻ അകമേ മരിച്ചു....
വീടെത്തി എന്നെ കോരി എടുത്തമ്മ വാതിൽ തുറന്നകത്ത് കടന്നപ്പോൾ ആ കയ്യിൽ കിടന്നു ഞാൻ വീണ്ടും ചോദിച്ചു:-
തൂവെള്ള തുണികൾ പിന്നി ഇട്ടതു പോലെ തുണി മറകൾ മോടി കൂട്ടിയ ആ വെളുത്ത ചുവരുകളിൽ എങ്ങും ആ നക്ഷത്ര കണ്ണുകൾ മാത്രം., നനവ് പടർത്തുന്ന ഒരു ചിരിയോടെ അകത്തളങ്ങളിൽ മുഴുവൻ അവൾ നിറഞ്ഞു.. ചിരിക്കുമ്പോൾ ഒന്നിന് മുകളിൽ കയറി അഴകുടയ്ക്കാൻ ശ്രമിച്ച പല്ലുകൾ പോലും തോറ്റു പോയെന്ന് തോന്നി... നടന്നു ചെന്ന് പിരയൻ ഗോവണി കയറിയപ്പോൾ ഒരു കൊച്ചു ചാരു കസേരയിൽ ചില്ലു ജാലകം വഴി അകലെ എഴുത്തച്ഛൻ വളവിലേക്ക് നോക്കി കിടക്കുന്ന അവൾ.. ഞാൻ ഗോവണി കയറി വന്നത് അവളെ തെല്ലലോസര പെടുത്താത്ത വിധം അവളുടെ മുഖം എനിക്ക് നിഷിദ്ധമായിരുന്നു.. അവൾക്കു മുന്നിൽ ആ ജലകത്തിന്റെ കോണിൽ നീലകണ്ണുകൾ ഞാൻ കണ്ടു,, ഭയത്തോടെ തിരിഞ്ഞു നോക്കിയ അവളെ അമ്പരപ്പൊഴിയാതെ ഞാനും കണ്ടു..,, കട്ടിപല്ലുകൾ കാണിച്ച് മെല്ലെ ചിരിച്ചവൾ എന്തിലേക്കോ എന്നെ ക്ഷണിച്ചു,, മറന്നു തുടങ്ങിയ ചിരി പൊടി തട്ടി എടുത്ത് ഞാൻ ജാലകത്തിനാരികിലേക്ക് നീങ്ങി നിന്നു,, വയസ്സന്റെ വെളുത്ത കോപ്പയിലെ ആവിചായയിലേക്ക് അട്ടി കഷ്ണങ്ങൾ ഇട്ടു കൊടുത്തുകൊണ്ട് 'അമ്മ ചിരിക്കുന്നു,, എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു., അവളുടെ ചിരിയിൽ അലിഞ്ഞു പോകാനായി വന്ന മഴമേഘങ്ങളെ ഞാനും പ്രണയിച്ചു....
അണ്ടിത്തോപ്പും വിനയനും അബ്ദുവും പോയി ഒറ്റക്ക് നിന്ന എന്നെ എഴുത്തച്ഛൻ വളവ് മറന്നു തുടങ്ങി,, മൈൽ കുറ്റി തനിച്ചിരിക്കുന്നത് പിന്നീടങ്ങോട്ട് ഞാനും അവളും നോക്കി ഇരുന്നു,,,,കട്ടി പല്ലുകളും കണ്ണുകളും ചെമ്പൻ തലമുടിയും പരസ്പരം സംസാരിച്ചു... പതിയെ ആ മഴമരങ്ങൾക്കിടയിലെ വയസ്സന്റെ താടിരോമങ്ങളുടെ സുരക്ഷയിലേക്ക് എന്റെ ലോകം ചുരുങ്ങിക്കൊണ്ടിരുന്നു,, അമ്മയുടെ ചിരിയിൽ ഞാൻ കാരയാതായി, പകരം ആയിരം ചിരികൾ ഞാൻ നെയ്തെടുത്ത് തുടങ്ങി...
വീണ്ടുമൊരിക്കൽ കൂടി ഞാൻ ആരും കാണാതെ അണ്ടിത്തോപ്പിൽ കയറി,, അണ്ടി കക്കാൻ തന്നെ..,പഴയ പ്രതാപം വീണ്ടെടുക്കയായിരുന്നു ആ പറങ്കിമാന്തോപ്പുകൾ.. അട്ടി പിടിച്ചു നിന്നിരുന്ന ഇലകളുടെ തണലിൽ പൂച്ച കാലടിയിൽ ഞാൻ നടന്നു,, പിള്ള മാഷിന്റെ കാതിനു കൂർമ്മത കൂടുതലാണ്,, മാവറിയാതെ മാങ്ങയറിയാതെ ഞാൻ അണ്ടികൾ പറിച്ചു കൂട്ടി,, പത്ത് പുളിമധുരത്തിനുള്ള അണ്ടി എണ്ണി തികഞ്ഞ നേരം ഞാൻ തിരികെ നടന്നു,, പൂച്ച പോലെ,, അരമതിൽ ചാടി കടന്നപാടെ അതാ കുറുനരി പോലെ പിള്ള മാഷ് നിക്കുന്നു., നീണ്ട ഇടവഴി കൂടി ഞാൻ ഓടി.... ഒന്നോടിച്ചിട്ടു പിള്ളമാഷ് തിരിച്ചു പോയെങ്കിലും ഞാൻ ഓട്ടം നിർത്തിയില്ല,, പടിഞ്ഞാറേതിലെ പാറക്കുളം വഴി പാഞ്ഞ നേരം പിള്ള മാഷിനെ തിരിഞ്ഞു നോക്കിയപാടെ ഓട്ടം തെറ്റി ഞാനും അണ്ടികളും വെള്ളം പൊന്തിയ പാറക്കുളത്തിന്റെ ആഴത്തിലേക്ക് വീണുകൊണ്ടിരുന്നു.... വീണു വെള്ളം തോടും മുന്നേ ഉയിരു ആകാശം തൊട്ടിരുന്നു., പുറം തല്ലി വെളളത്തിൽ വീണ ഞാൻ അര നിമിഷത്തേക്ക് പിള്ള മാഷ് പുറകെ ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ചു., ഇല്ല,, നില കിട്ടാതെ കാലിട്ടടിക്കുന്നതിനിടെ മുകളിലേക്ക് പാളി നോക്കി,, ഇല്ല ആരും ഇല്ല... ഷിഫോണ് സാരിയുടുത്ത ആ നായികയുടെ നഗ്നതയിലേക്ക് തെറിച്ച ചോരത്തുള്ളികളും, എന്നെ ചുമലിലേറ്റി ഓടിയ അച്ഛന്റെ വെളുത്ത ജുബ്ബയിൽ കലർന്ന ചുവപ്പും, ആകാശത്തിന്റെ നിറങ്ങളും,എഴുത്തച്ഛൻ വളവും, അമ്മയുടെ ചിരിയും,, വയസ്സനും, സിലോണ് പാവയും, നക്ഷത്രകണ്ണുകളും, എല്ലാം എന്റെ കണ്ണുകളിൽ വന്നു പൊയ്കൊണ്ടിരുന്നു., മുങ്ങിതാണു പോകുന്നതിനിടക്കെ കൈ എന്തോ ഒന്നിൽ തട്ടി തടഞ്ഞതോർക്കുന്നു,, അവസാനമെന്നോണം ആ പിടിവള്ളിയിൽ കൈ പിടിച്ച് ഒന്ന് ആഞ്ഞു പൊന്തി നോക്കി,, കയറു വല വിരിച്ച് വെട്ടുമീൻ പിടിക്കാൻ ചങ്ങാടം ഇടുന്ന ഇട്ടൂപ്പിന്റെ മുളചങ്ങാടം..,, പണ്ടെന്നെയും താങ്ങിപ്പിടിച്ച അമ്മ ഓടിയ ആ വണ്ടിപാളങ്ങളുടെ വിശ്വാസത്തിൽ ആ ചങ്ങാടത്തിന്റെ ചാരട്കളെ ആശ്രയിച്ചുകൊണ്ട് ഉയിരു വലിച്ച് ആ ചങ്ങാടത്തിലേക്കിട്ട് എന്റെ കൈകൾ വിശ്രമിച്ചു... ചുമച്ചു തുപ്പി അകം നനച്ച വെള്ളം കുറെ തുപ്പി മലക്കെ ആകാശം നോക്കി കിടന്ന ഞാൻ ആദ്യം വലതും പിന്നെ ഇടതും കാൽചട്ട കീശകൾ തപ്പി നോക്കി., ഉണ്ട് ഒരഞ്ചെണ്ണത്തിനുള്ളത് ബാക്കി കാണും. ഇട്ടൂപ്പിന്റെ പിരിയൻ കയറു പിടിച്ച് വലിച്ച് ഒരു വിധം ആ ചങ്ങാടം ഞാൻ അടുപ്പിച്ചു.... നനഞ്ഞു കുതിർന്ന് ആ ഇടവഴിയോടി കണാരന്റെ കടയിലെത്തിയപ്പോഴേക്കും സന്തോഷം ഇരട്ടിച്ചിരുന്നു.., കണാരൻ എന്റെ കോലം കണ്ടിട്ടോ മറ്റോ പതിവ് വെകട ചിരി ഒഴിവാക്കി... അഞ്ച് എണ്ണം എണ്ണി വാങ്ങി തലയുയർത്തി മഴമരങ്ങൾക്കറ്റിയിലൂടെ ഞാൻ നടന്നു... അടുക്കും തോറും കാര് മൂടി വരുന്ന ഒരു നിശബ്ദത., ഞാൻ ആകാശത്തേക് നോക്കി,, ഇരുണ്ട് തുടങ്ങിയിരിക്കുന്നു.., പതിവില്ലാതെ വരാന്തയിൽ കോപ്പ നിറയെ കാപ്പി ഇരിക്കുന്നു,, അട്ടി കഷ്ണങ്ങൾ ചിതറി തെറിച്ചു തറ നിറയെ പൊടിഞ്ഞു കിടന്നു,, ഞാൻ ഗോവണി കയറി ഓടി എത്തിയ ചില്ലു ജനാലാക്കാരികെ അവളുണ്ടായിരുന്നില്ല,, ജാലകം ആരുടെയൊക്കെയോ കാഴ്ചകളെ സ്വാതന്ത്ര്യമാക്കികൊണ്ട് അങ്ങനെ തുറന്നു കിടന്നു.... പരിഭ്രാന്തിയും ആകാംക്ഷയും കൊടുമുടികളായ് നിന്നു വെല്ലു വിളിച്ചു,, അവ ഓടി കയറി ഞാൻ മുൻവശത്തെ വലിയ റോഡിലേക്ക് തുറക്കുന്ന ജനലിന്നരിക്കിലെത്തി,,, ചുവന്ന ബീക്കൻ വച്ച രണ്ടു വണ്ടികൾ അവസരങ്ങൾക്ക് വഴിയൊരുക്കാതെ പാഞ്ഞു പോയി... ഓടിയിറങ്ങി ആ പടിക്കൽ എത്തിയപ്പോഴേക്കും സൈറൺ അകലെ ഇരുമ്പുപാലം കടന്ന് പട്ടണത്തിലേക്ക് പാഞ്ഞുകൊണ്ടിരുന്നു....
ചുറ്റും കൂടിയവർ എന്നെ തന്നെ ശ്രദ്ധിക്കുകയായിരുന്നു,, ചുറ്റിലും ചൂഴ്ന്നെടുക്കുന്ന കണ്ണുകൾ., ബാല്യം വിടാത്തവന്റെ മനസ്സിന്റെ ശക്തി ചോർന്നു പോയിരുന്നു..,, ഞാൻ ഓടി.., കീശയിൽ കൊണ്ടുവന്ന അഞ്ചു പുളിമധുരം അടക്കിപ്പിടിച്ചുകൊണ്ട് ഞാൻ ഓടി....
ആ വളവിനിപ്പുറം ഇന്നും ഒരഞ്ചു നിമിഷത്തേക്ക് എവിടെനിന്നിക്കെയോ ആരൊക്കെയോ വന്നു അകക്കാമ്പിൽ കൂടിയിരിക്കും, ഒരായുസ് മടുപ്പിക്കാത്ത ഓർമകളുടെ കൂമ്പാരം പൊട്ടിത്തെറിക്കും, വളവകന്ന് മുന്നോട്ട് പോകുമ്പോൾ പൊടിക്കാറ്റടങ്ങും പോൽ അവ എന്നിൽ നിന്നും ഒഴിഞ്ഞു മാറും . ആ അഞ്ചു നിമിഷത്തിലേക്ക് അവരെല്ലാം ഒതുങ്ങി പോയതിൽ ഇന്നും ഒരു കല്ലെറി ഞാൻ ആസ്വദിക്കുന്നു..,,
എന്നിലേക്ക് മാത്രമായി.....