Friday, December 30, 2016

ചിത....

.........................ഒരു ചിതയെ കുറിച്ചുള്ള ചിന്തകൾ മനസ്സിനുള്ളിൽ അലയുന്ന പകലുകൾ എന്റെ ഉച്ചയുറക്കം കളഞ്ഞു തുടങ്ങിയിട്ടു ദിവസങ്ങളായി..,, അവരെന്നെ എങ്ങോട്ടോ കൊണ്ടു പോകുന്നു..,, ആത്മീയതയുടെ കണ്ണുകൾ ആ പൂജാമുറിയുടെ വാതിലിന്റെ ഇരുട്ടു കോണിൽ നിന്നും ഒരു നിഴലായി എന്നെ നോക്കുന്നു...., അതെ സമയമായിരിക്കുന്നു,,, ഭാരമില്ലാത്ത ചുമലുകളുടെ ഭാരിച്ച വാക്കുകളിൽ നിന്നും എന്റെ പേരെനിക്ക്‌ മായ്ക്കണം....

                          പണ്ടെങ്ങോ തീരുമാനിച്ചുറപ്പിച്ചിരുന്നു,, അവന്റെ കൈകൾ ആകാശത്തോളം ഉയരുമ്പോൾ എന്റെ ചാരം ആഴിയിൽ ഒഴുകണം എന്ന്..,, മൂന്നു മക്കൾക്ക്‌ ജന്മം കൊടുത്തു ,, അവർ ചോദിച്ചതെല്ലാം കൊടുത്തു,, മനസ്സു കൊടുത്തു,, ഇനി ഞാൻ അവർക്കെന്റെ മരണവും കൊടുക്കുന്നു...

                       ഒരൊഴിഞ്ഞ ചുവരുകൂടിനുള്ളിൽ ഞാനെന്റെ ചിതയൊരുക്കുകയാണിപ്പോൾ..,,, ഏക്കറുകണക്കിനു തെങ്ങിൻ പറമ്പിലെല്ലാം നടന്നു,, അവയെല്ലാം എന്റെ സ്വന്തമാണു,,, പങ്കിട്ടെടുത്തെന്റെ മക്കളവയെ അറുത്ത്‌ മുറിച്ചവസാനിപ്പിക്കും മുൻപേ എനിക്കെന്നോടൊപ്പം കൊണ്ടു പോകാൻ,, ഒരു പിടി ചാരമായ്‌ എന്നോടൊപ്പം ഒരു മൺകുടത്തിൽ വിശ്രമിക്കാൻ അവരെ ഞാൻ കൊണ്ടു പോകുന്നു..

                     ഓലമടലുകളും ചകിരി ചീളുകളും ആ ചുവരുകൾക്കിടയിൽ ഞാൻ കൂട്ടുമ്പോൾ അണ്ണാറകണ്ണന്മാർ ചിലക്കുന്നുണ്ടായിരുന്നു..., അവർക്കറിയാം ഇതാണു അവസാനമെന്ന്..,, ഇന്നലെ ഞാൻ എന്റെ ജീവിതത്തിലെ അവസാന റേഷനും വാങ്ങി,,, കിട്ടിയതെല്ലാം ഓലമടലിനും ചകിരിക്കും വീതിച്ചു കൊടുത്തു..,,

"അവയ്ക്കൊരു പരിഭവം പാടില്ല,, ആ പരിഭവത്തിനു എന്നെ ഒരു പാതി കത്തിയ മാംസക്കഷ്ണമാക്കി നിർത്താൻ കഴിയും.."

ഇന്നൊരു കന്നാസിൽ പെറ്റ്രോളും വാങ്ങിയിരുന്നു,,, അവസാന ചായക്കു ശേഷവും വീട്ടിൽ ബാക്കിയായ മധുരം ആ വെറും നിലത്ത്‌ വാരിയിട്ടു,, അവസാനത്തെ കുളി , അത്‌ കന്നാസിൽ കരുതിയ വിലകൂടിയ വെള്ളത്തിലാക്കി..,, സ്വയം തീയിലെരിയാൻ ഉള്ള ഭയം വിട്ടുമാറാൻ മദ്യപിച്ചിരുന്നു...,, എങ്കിലും കയ്‌ വിറക്കുന്നുണ്ടായിരുന്നു,, കാലുകൾ കുഴയുന്നുണ്ടായിരുന്നു..,, ആ നിലത്തു ഞാൻ ഇരുന്നു,,

"എന്റെ ചിതക്ക്‌ ഞാൻ തന്നെ ജീവൻ കൊടുത്തു..."

കത്തിയാളിയെന്റെ ആത്മാവു ചൂടെടുക്കുമ്പോൾ മുഖങ്ങളൊരുപാടായിരുന്നു മനസിൽ,, ജനനം മുതൽ ഒരു അരനിമിഷ നാടകമായി കണ്മുന്നിൽ തെളിയുന്നു,, അച്ഛൻ,, അമ്മ,, ഭാര്യ,,മക്കൾ,, എല്ലാം ,, എല്ലാം മറഞ്ഞു പോകുന്നു,, മാംസം കത്തുന്ന ഗന്ധം അടുത്തറിയുന്നു,,

"തീയാളുന്ന നാളങ്ങളിൽ എന്റെ സ്വന്തം രൂപമാണു ഞാൻ അവസാനം കണ്ടതു..."

ഒരായുസ്സിന്റെ വസ്ത്രമുപേക്ഷിച്ച്‌ ,,, ഭാരമില്ലാത്ത ഇതളായ്‌,,, അഗ്നിയിൽ ചാരമായ്‌ എന്റെ ചിന്തകളും......

Sunday, October 23, 2016

മേൽപാലം....

                                                                         "പണ്ടിതുപോലെ കോരിച്ചൊരിഞ്ഞൊരു സായാഹ്നത്തിൽ ഞാനീ മേൽപാലത്തിൽ വന്നിരുന്നു...എങ്ങു നിന്നോ വന്നു.,,അരികിലൂടെ അകലേക്കു നീങ്ങുന്ന വാഹനങ്ങളുടെ ഇരമ്പത്തിൽ നിന്നുകൊണ്ട്‌ ഞാനവളോട്‌ സംസാരിച്ചു... അന്നാ സായാഹ്നത്തിനു ശേഷം എത്രയോ വാഹനങ്ങൾ ഈ വഴി കടന്നു പോയി ,, എത്രയോ കാലഘട്ടം ഈ പാതയെ പുൽകി നീങ്ങി...,, കാലത്തിന്റെ കുത്തൊഴുക്കിൽ ആ ഓർമ്മകളും , സ്വപ്നങ്ങളും എല്ലാം ഒഴുകി ഒരുപാടകലെയെത്തി..."

            ഇന്നിതാ വീണ്ടുമതുപോലൊരു സായാഹ്നം അവളുടെ ഓർമ്മകളെ വീണ്ടും തിരിച്ചു കൊണ്ടു വന്നു..,, 32 വർഷങ്ങൾ ഞാൻ കാത്തിരുന്നു..,, വീണ്ടുമിതുപോലൊരുനാൾ വരുന്നതിനായി...ആ ഒരു പഴഞ്ചൻ പോക്കുവെയിലിനെ ഓർമിപ്പിക്കാൻ ഇക്കഴിഞ്ഞ കാലത്തിനത്രയും കഴിഞ്ഞതില്ല... എന്നാൽ ഇന്ന് ,, അകലെയാ പടിഞ്ഞാറൻ ചക്രവാളം ചുവന്നപ്പോൾ അവളെന്റെ കൂടെയുണ്ടെന്ന തോന്നൽ..

വാഹങ്ങളുടെ ഇരമ്പമില്ല...

കാലത്തിനൊപ്പം നീങ്ങിയ മനുഷ്യൻ ഈ പാതയേയും മറന്നിരിക്കുന്നു...ദൂരെ ഒരു ചെറു ബിന്ദുവായ്‌ ഈ പാത അവസാനിക്കാതെ നീളുന്നത്‌ ഇന്നെനിക്ക്‌ കാണാം..,, ആ വഴി വക്കുകൾ മരിച്ചിരിക്കുന്നു,, വശം തകർന്ന ആ മേൽപാലം ആരുടെയൊക്കെയോ ഓർമ്മകൾ അയവറക്കിക്കൊണ്ട്‌ ഇന്നും നിലനിൽക്കുന്നു..
                          അവളോടു കൂടെ നിന്ന നാളുകളെ ഓർമ്മിച്ചു കൊണ്ട്‌ അന്നു ഞാൻ നടന്നിറങ്ങിയതു അവളുടെ ഓർമ്മകളിലേക്കായിരുന്നു...,, അതായിരിക്കും അവസാനം എന്നു കരുതിയില്ല.. അടുത്ത പുലരിയിൽ അകലെയാ ശൂന്യതയിലിരുന്നു കൊണ്ടായിരുന്നു അവളെന്നോട്‌ സംസാരിച്ചതു... ആ കൊച്ചു ദേവതയെ അകലെയാർക്കോ വേണ്ടി ഈശ്വരൻ കൊണ്ടുപോയിരുന്നു....
                           ഞാനോർക്കുകകയായിരുന്നു...,,ഇന്നലെകളിൽ അവളെനിക്കു തന്ന സന്തോഷത്തെ പറ്റിയും സ്വാർത്ഥമായ്‌ പരസ്പരം കൈമാറിയ പ്രണയത്തെ പറ്റിയും എല്ലാം...നിശ്ചലം ഉറങ്ങുന്ന അവൾക്കു മുൻപിൽ ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ നിന്നു വിലപിച്ചു...,,സമൂഹം എന്നെ ശ്രദ്ധിച്ചു,,

മനസുകൊണ്ടു പോലും ഒരു തെറ്റും ചെയ്യാത്ത അവൾക്കുമേൽ വീഴുന്ന സംശയത്തിന്റെ നിഴൽ തരുന്ന തണൽ ഞാൻ ആഗ്രഹിച്ചിരുന്നില്ല.....

നടന്നു,, ആ ആൾകൂട്ടത്തിന്നു നടുവിലൂടെ,,,സഖാക്കൾ തന്ന കൈത്താങ്ങിൽ ആശ്വാസത്തിന്റെ സ്പർശം ഞാനറിഞ്ഞു...ആരോടും ഒന്നും പറഞ്ഞില്ല,, ഇരുട്ടു കയറി തുടങ്ങിയ മനസ്സുമായ്‌ നടന്നു,, പുറകിലെ നിലവിളികൾക്കിടയിൽ നിന്നും അവളെന്നെ വിളിക്കുന്നതു പോലൊരു തോന്നൽ..,, തിരിഞ്ഞു നോക്കിയില്ല,,ആകാശത്തോളം കത്തിയാളുന്ന ചിത ചാമ്പലുകൾക്കുള്ളിൽ നിന്നും അവളിനി തിരികെ വരില്ലെന്നെനിക്കറിയാമായിരുന്നു....,,
                                                     അന്നും ഞാൻ നടന്നു വന്നത്‌ ഇതേ മേൽപാലത്തിനു മുകളിലേക്കായിരുന്നു..,, നിറഞ്ഞു പെയ്ത മഴയിൽ ശിരോപാദം നനഞ്ഞു പലകുറി ആ വഴി നടന്നു,...,അന്നു മുതൽ എന്റെ സായാഹ്നങ്ങളിവിടെയായിരുന്നു..,, അന്നവളോട്‌ സംസാരിച്ചതുപോലൊരു സയാഹ്നത്തിനായ്‌ ഇക്കഴിഞ്ഞ 32 വർഷക്കാലം ഞാൻ കാത്തിരുന്നു...,, ഈ പാതയോരത്തെ ഓരോ മാറ്റങ്ങളും എനിക്കറിയാം..,, ഇവിടെ മുളച്ച ഓരോ പുൽകൊടിക്കും എന്നെയും.....
                               വർഷങ്ങൾക്കിപ്പുറം വീണ്ടും ആ പടിഞ്ഞാറൻ ചക്രവാളത്തിനു പഴയ ചുവപ്പു കാണുന്നു.....,, അന്നാ ചിതയിൽ എരിഞ്ഞടങ്ങിയവൾ ഇന്നിവിടെ എവിടെയോ ഉണ്ട്‌... ഞാൻ തിരഞ്ഞു,, അന്നിരുന്നിടങ്ങളെല്ലാം ഞാൻ തിരിച്ചറിഞ്ഞു,, അവളോടു സംസാരിച്ച ഓരോ വാക്കുകളും എന്റെ മനസ്സിൽ വന്നു നിന്നു,, അവളുടെ ഓരോ നിശ്വാസവും എനിക്കു കേൾക്കാൻ കഴിഞ്ഞു,,
               ആ ഇരുട്ടു കയറിയ സായാഹ്നത്തിൽ അവൾ വീണ്ടുമെന്റെ അരികിലെത്തി..,, വരാനിരിക്കുന്ന കുറേ വർഷങ്ങളിലേക്ക്‌ ഒരുപാടോർമ്മകൾ നൽകാൻ... അന്നവൾക്കു മുൻപിൽ നിന്നു വിതുമ്പിയ ആ കൊച്ചു കുട്ടിയിലേക്കു ഞാൻ മടങ്ങി പോയി...
                              
               മനം മടുക്കാത്ത ആ ബന്ധത്തിന്റെ ഓർമകളിൽ ഇനിയുമൊരു മൂന്നു പതിറ്റാണ്ടു കൂടി ജീവിക്കുമെന്ന വിശ്വാസത്തോടെ ചായ്ഞ്ഞിറങ്ങുന്ന ആ മേൽപാലത്തിന്റെ ചരിവിലൂടെ ഞാൻ നടന്നു നീങ്ങി.......

                                                                                                                                       വര്‍ഷം 2011

Friday, October 7, 2016

കാഴ്ച.....

.......................വൈദ്യുതി നിലക്കാത്ത ആ കമ്പികളിലേക്ക്‌ നോക്കി ഇരുന്നു തന്നെ വർഷങ്ങൾ കടന്നു പോയി,, പൊടി പിടിച്ച പുസ്തകങ്ങൾ ചുവരറകൾ നിറച്ചും അഹങ്കാരത്തോടെ ഇരുന്നു,,അരികിൽ കടന്നു പോകുന്ന മുഖങ്ങൾ ദിവസവും മാറി കൊണ്ടിരുന്നു,, തീവണ്ടി ബന്ധം എന്നും അങ്ങനെ തന്നെ,, ഒരു യാത്രയിൽ ഏതാനം മണിക്കൂറുകൾക്ക്‌ ഒന്നിക്കുന്നവർ..,, അവരിലും പലരെയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നു കുറച്ചു നാൾ മുന്നെ വരെ....
               നവയുഗം എന്ന നിശബ്ദ ചർച്ച തിക്കി തിരക്കി ആ വഴി കടന്നു വന്നു,, താളുകളിൽ നിന്നും കൈവള്ളയിലെ സ്ക്രീനുകളിലേക്ക്‌ ലോകം ചുരുങ്ങി...

"മീൻ കാരന്റെ എം 80 ക്കു പകരം പുതിയ ആപ്‌ വരെ വന്നു.."

എന്നിട്ടും ഞാൻ എന്തിനു ഇവിടെ ഇരിക്കുന്നു?? 18 വർഷക്കാലമായി ഇരിക്കുന്നു,, ഇനിയും ഇരിക്ക തന്നെ...
                   ഒരു പത്തു വർഷം മുൻപാണു,,ഈ വഴിക്കെ അരവിന്ദൻ എന്നൊരാൾ വന്നതു..., നിഴലായിരുന്നു അയാൾ.,, മരിച്ചു തുടങ്ങിയ യൗവനത്തിന്റെ നിഴലിൽ,, അന്നയാൾക്കും എനിക്കും സാമ്യങ്ങളൊരുപാടായിരുന്നു..,, നാളെയൊരു കാൽ വെയ്പ്പിനു ആ തലമുറ കോപ്പു കൂട്ടിയപ്പോൾ അതിൽ ഒരൽപം നീരസം തോന്നിയവരും,, പഴമയെ കാത്തു വെക്കാൻ കൊതിച്ചവരുമായിരുന്നു ഞങ്ങൾ...
                    അന്നാ കടയിൽ തെറ്റില്ലാത്ത ആൾപെരുമാറ്റം ഉണ്ടായിരുന്നു,, ഒരു ദിവസത്തെ യാത്രക്കു വരുന്നുവരും എന്നും ഈ വഴി കടന്നു പോകുന്നവരും എല്ലാം കടക്കു മുന്നിൽ വന്നു,, പുസ്തകങ്ങൾ വാങ്ങി,, തീവണ്ടിക്കുള്ളിൽ വെച്ചു അവർക്ക്‌ ലോകം കാണാനുള്ള മറ്റൊരവസരം ഇതു മാത്രമായിരുന്നതിനാൽ അവരിൽ പലരും എന്നോട്‌ ഊഷ്മളമായൊരു സൗഹൃദം വളർത്തി,, പലപ്പോഴും ഒരു നല്ല കച്ചവടക്കാരനായും ഒപ്പം സുഹൃത്തായും ഞാനവരോട്‌ ഇടപഴകി... അക്കൂട്ടത്തിൽ അരവിന്ദനോട്‌ മാത്രം ഒരു വൈകാരിക താൽപര്യം..,, 7 മണിയുടെ വണ്ടിക്ക്‌ അയാൾ 5 മണിക്കേ സ്റ്റേഷനിലെത്തും,, വണ്ടി വരുന്നേരം വരെ സംസാരിക്കും,, പുസ്തകങ്ങളും കൊണ്ടയാൾ യാത്രപോകും,, മൂന്നോ നാലോ ദിവസത്തിനുള്ളിൽ അയാൾ അടുത്ത പുസ്തകത്തിനുള്ള കാരണങ്ങളുമായി എന്റെ അടുക്കൽ വരും... അങ്ങനെ നീണ്ടു പോയി ഒരു പാടു നാൾ..
കാലഘട്ടങ്ങൾ വീക്ഷിക്കാൻ ഞങ്ങൾ രണ്ടുപേരും പരസ്പരം കാരണമായി..

ഇന്നിപ്പോൾ കടയിൽ പഴയ തിരക്കില്ല,, എങ്കിലും അരവിന്ദൻ മാത്രം മുടങ്ങാതെ എത്തും..,, അങ്ങനെ ഇരിക്കെ ഒരു ദിവസം അയാൾ പറഞ്ഞു അയാൾ ജോലി വിടാൻ പോകുന്നു എന്ന്..,, അറിയില്ല ഇത്ര സന്തുഷ്ടനായിരുന്ന ഒരാൾ പെട്ടന്നിങ്ങനെ..,,

ഞാൻ ചോദിച്ചു:-എന്താ പെട്ടന്നിങ്ങനെ ഒരു ....??
"ഇല്ലടോ,, കാലം മാറി,, എനിക്കീ കമ്പ്യൂട്ടറും കൊടച്ചക്രോം ഒന്നും അറിഞ്ഞൂട,,  അരവിന്ദൻ മറുപടി പറഞ്ഞു,,

ആ മറുപടിയിൽ നിന്നും എനിക്കൊന്നു മനസിലായ്‌,, അയാൾ സ്വയം ഒഴിഞ്ഞു പോരുന്നതല്ല...

'അല്ല അതിപ്പഴാണെങ്കിലും പഠിക്കാലോ..,,' ഞാൻ ചോദിച്ചു,,

ഇനിയെന്നാണെടോ എന്ന അയാളുടെ ചോദ്യം എന്നെ അലട്ടി,, അന്നയാൾ നടന്നകന്ന വഴിയത്രയും അയാൾ തല താഴ്ത്തിയിരുന്നു...

                                                      പിന്നീടു കുറച്ചു നാളുകൾക്കപ്പുറമാണു ഞാൻ അരവിന്ദനെ കാണുന്നത്‌,, കയ്യിലൊരു ലാപ്‌ടോപ്‌ ബാഗും തൂക്കി കൊണ്ട്‌ അയാൾ ചിരിച്ച മുഖത്തോടെ എന്റെ അരികിലെത്തി,, പതിവു ചർച്ചകൾക്കിടെ മാറ്റങ്ങൾക്കു സ്വയം തയ്യാറായ കഥ അഭിമാനത്തോടെ അയാൾ പറഞ്ഞു,, നേരിയ നിരാശ തോന്നിയെങ്കിലും അയാളുടെ ആ സന്തോഷത്തിൽ ഞാനും കൂടി..
                                                                       ദിവസങ്ങളും മാസങ്ങളും കടന്നു പൊയ്കൊണ്ടിരുന്നു,,, അരവിന്ദനും ആ റെയിൽ പാളങ്ങളും ചുറ്റുപാടും മാറുകയായിരുന്നു,, മറ്റു യാത്രക്കാരെ പോലെ അരവിന്ദനും എന്റെ കൊച്ചു കട കാണാത്തതു പോൽ ഒരു തോന്നൽ,, അയാളുടെ വരവു പോക്കും ക്രയവിക്രയങ്ങളും കുറഞ്ഞു വന്നു,, കാരണങ്ങളെ മറയാക്കി അയാൾ പുഞ്ചിരിച്ചു,,

"എന്തുകൊണ്ടോ..,മുഖങ്ങൾ തമ്മിൽ സമ്പർക്കം കുറഞ്ഞു.."

                                             അരവിന്ദന്റെ മനസ്സിലിപ്പോൾ പുസ്തകങ്ങളില്ല,, അയാൾ സംസാരിക്കുന്നതിനിടെ പലതവണ ശല്യം ചെയ്തു കൊണ്ട്‌ ഫോൺ വിളികൾ വന്നുകൊണ്ടിരുന്നു..,, അയാൾക്കതൊരു ശീലമായിരിക്കുന്നു പോലും..


                          പഴയതിങ്ങനെ ഓർത്തിരിക്കെ വീണ്ടുമൊരു വണ്ടി വന്നു നിന്നു,,, എന്റെ വാർദ്ധക്യം പ്രതിഫലിക്കാത്ത ഒരു മുഖം എന്നെ നോക്കി വന്നു,, അരവിന്ദൻ,,, മുഖത്തെ സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ട്‌ അയാൾ പറഞ്ഞു,,

" എനിക്ക്‌ റിട്ടയർമ്മെന്റ്‌ ആയി,, അടുത്ത ആഴ്ച്ച പിരിയൽ ഉത്തരവു വരും..."

അയാളുടെ സംസാരത്തിലെ സന്തോഷവും വാക്കുകളിലെ പഴമയും ഞാൻ ശ്രദ്ധിച്ചു.. മടുത്തു തുടങ്ങിയിരിക്കിന്നു അയാൾക്കാ ജീവിതം... ജീവിതത്തിലെ തിരക്കുകൾ ഒഴിയുന്നു,,.. അയാളെ ഇനി ഇങ്ങോട്ട്‌ കാണുമോ എന്നു ഞാൻ സംശയിച്ചു...............


                                             "കണ്ടില്ല,, പിന്നീടൊരിക്കലും..."


അരവിന്ദൻ ഒരു കാഴ്ചയായിരുന്നു,, നാളെയിലേക്കു തുറന്ന കണ്ണുകളിൽ ഞാൻ കണ്ട കാഴ്ച....
                                                                                                            വര്‍ഷം 2016

Thursday, October 6, 2016

പണ്ട്‌....


'ഒരു വല്ലാത്ത കാറ്റു വന്നു വീശിയൊഴിഞ്ഞു'
മലയിലെന്നും കാറ്റു വന്നിതുപോലെ വീശിയൊഴിയാറുണ്ടായിരുന്നു,, പോയവ തന്നെ വീണ്ടുമൊരു യാത്ര കഴിഞ്ഞു തിരികെ വരുന്നതാകുമോ?? ഒരൊഴിഞ്ഞ ഒറ്റമുറി വാസത്തിനിടക്കിത്തരം വട്ടു ചിന്തകൾക്കു മാത്രമേ ഇടമുള്ളൂ...
ആവിച്ചായയും താങ്ങിക്കൊണ്ട്‌ ആ ജനൽ പടിക്കെ ഇരിക്കെ അബ്ദു വന്നു ഉറക്കെ ചോദിച്ചു
"മാസ്റ്ററിന്നു സ്കൂളിൽ പോകുന്നില്ലേ...,,?"
"പോണം അബ്ദൂ , നിനക്കിന്നു പണിയില്ലേ??" ഞാൻ തിരിച്ചു ചോദിച്ചു.
"ഉണ്ട്‌ പക്ഷേ പോവാൻ പറ്റുമെന്നു തോന്നണില്ല്യ,, മോന്റെ സ്കൂളിന്നു വിളിച്ചിരുന്നു,, അവൻ ക്ലാസിലിരുന്നു മലയാളം പറഞ്ഞെന്നും പറഞ്ഞു വീട്ടുകാരെ വിളിച്ചിട്ടു വരാൻ പരഞ്ഞിരിക്ക്യാ,, അപൊ അവടം വരെ ഒന്നു പോണ്ടി വരും.."
"ഒഹ്‌,, എന്നാ പോയ്‌ വരൂ,, മക്കൾടെ നല്ലതിനന്ന്യല്ലെ,,"
പറയുമ്പോൾ പുച്ചവും ദുഃഖവും ദേഷ്യവും എല്ലാം മനസ്സിലുണ്ടായിരുന്നുവെങ്കിലും കേട്ടു കേട്ടു തഴമ്പിച്ചു പോയിരിക്കുന്നു...
അബ്ദു പറഞ്ഞതു മരിച്ചു കൊണ്ടിരിക്കുന്ന ഒരു സമ്പ്രദായത്തെ പറ്റിയാണു...
മാറ്റങ്ങളാൽ മാറ്റം വന്നു കൊണ്ടൊരിക്കുന്നതിനെ പറ്റി...
സമയം ചിന്തകൾ,, മുറിഞ്ഞു പോകുന്നു..,, വഴി തെറ്റി സഞ്ചരിക്കുന്നു..,, ചുവരലമാരയിൽ നിന്നും ഒരു പല്ലു പോയ ചീപ്പെടുത്ത്‌ മൂർച്ചനോക്കിയപ്പിയപ്പോളാണു തലയിൽ യൗവ്വനത്തിനു ശേഷം ഒളിച്ചിരുന്ന വെള്ളിഴകൾ ചോദ്യം ചെയ്യുന്നതു കണ്ണിൽപെട്ടതു ,, അവനെയൊന്നൊതുക്കി വെച്ചു ദൃതിയിൽ ഇറങ്ങി,, വഴി വക്കുകൾ ഇക്കഴിഞ്ഞ മുപ്പതു വർഷത്തിരിടക്കൊരുപാടു മാറിയിരിക്കുന്നു,, ഇന്നലെയിൽ നിന്ന് ഇന്നിലേക്ക്‌ എന്ന പോലെ ചുറ്റുപാടും മാറുന്നു,, ഒരൊറ്റ നാലുകെട്ടു മാത്രം അവശേഷിച്ചിരുന്നു ആ വഴിക്ക്‌,, കയ്യിൽ കൊർച്ച്‌ പൈസയിണ്ടായിരുന്നെങ്കി അതു വാങ്ങണമ്ന്നു കഴിഞ്ഞാഴ്ച്ച കൂടി രാത്രി വർത്താനത്തിനിടക്ക്‌ അബ്ദൂനോട്‌ പറഞ്ഞേ ഉള്ളൂ...,,അതും ഇന്ന് പൊളിക്കാന്നു കേട്ടു,.. ഇത്ര മാത്രം വെറുക്കാൻ പഴയ കാലം ഇവരോടെന്തു തെറ്റാണു ചെയ്തതു,, അതും അറിയില്ല...
നടന്ന വഴികളിലെല്ലാം മൂന്നു പതിറ്റാണ്ടിന്റെ മാറ്റങ്ങൾ തിരഞ്ഞു കൊണ്ടേ ഇരുന്നു,,
സ്കൂൾ മുറ്റത്തെത്തിയപ്പോൾ ഒരു പയ്യൻ കൈ വലിച്ചു കൊണ്ടെന്നെ നടത്തി,, അവനെങ്ങോട്ടാണു പോകുന്നതെന്നു ഞാൻ ചോദിച്ചില്ല,, കുട്ടികൾ അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു വളരട്ടെ,, ആ വഴികളിൽ തെറ്റു കണ്ടാൽ ചൂണ്ടികാണിക്കേണ്ടവരായിരിക്കണം മുതിർന്നവർ..
അവനോടി മൈദാനത്തെത്തി,, ആകാശത്തേക്കു ചൂണ്ടി കൊണ്ട്‌ കാണിച്ചു,, ഒച്ചയുണ്ടാക്കി കൊണ്ട്‌ ഉയരെ പറന്ന ആ കോപ്റ്റർ അപ്പൊഴാണു ഞാൻ ശ്രദ്ധിച്ചത്‌,, അവനോട്‌ വല്ലാത്തൊരു വാൽസല്യം തോന്നി,, ഈ മാറ്റങ്ങൾക്കിടയിലും ചില ശീലങ്ങൾക്കു മാറ്റമില്ലെന്നു തോന്നി...അവനാ കാഴ്ച്ച കണ്ണിൽ നിന്നും മായുന്നതു വരെ നോക്കി,,വീണ്ടുമെന്റെ കയ്യിൽ തൂങ്ങി...,,,
ഇതു പോലൊരു തലമുറക്കു രൂപം നൽകാനാകില്ലെന്ന ചിന്തയാണു വിപ്ലവകരമായ ഒറ്റക്കുള്ള ജീവിതത്തിലേക്കെന്നെ നയിച്ചത്‌...
അവനെയും കൊണ്ട്‌ ക്ലാസ്സ്‌ മുറിയിലേക്കു നടന്നു..,,, അന്നവർക്കൊരു പഥികന്റെ അനുഭവകഥ വിവരിച്ചു കൊടുത്തു..,,
"തീവണ്ടിയുടെ കൂക്കിവിളിയും താളവും ഞാൻ കേട്ടിട്ടു മാസങ്ങളായിരിക്കുന്നു.."
ആ വാചകം ഒന്നാവർത്തിച്ചു ഞാൻ നിർത്തിയപ്പോൾ ഒരുവനുറക്കെ ചോദിച്ചു,,
"മാസ്റ്റർ ,, തീവണ്ടിയുടെ താളമെന്താണു?"
അമ്പരപ്പും അതിശയവും മറച്ചു വെച്ചു അവനോടു തീവണ്ടിയിൽ കയറിയിട്ടുണ്ടോ എന്നു ഞാൻ ചോദിച്ചു,,
അവനുണ്ടെന്നു മറുപടി പറഞ്ഞപ്പോൾ എന്നിലെ അധ്യാപകൻ ചുരുണ്ടു കൂടി ഒരു മൂലയിൽ ഇരിപ്പായിരുന്നു...,
ഞാനും സംശയിച്ചു തീവണ്ടിക്കു താളമില്ലേ...??
തീവണ്ടിയിൽ യാത്ര ചെയ്തിട്ടു ഒരുപാടു വർഷങ്ങളായിരിക്കുന്നു ,, എന്റെ ഓർമയിൽ തീവണ്ടിക്കെന്നും ശബ്ദമുണ്ടായിരുന്നു...,, അന്നവനോടതു പഴയ തീവണ്ടിയായിരുന്നു എന്ന മറുപടിയിൽ അവസാനിപ്പിച്ചു,, പിന്നീടന്നു മുഴുക്കെ ഒരേ ചിന്ത മാത്രം,, തീവണ്ടി,,..
അന്നു വൈകീട്ടു അടുത്ത റെയിലിൽ പോയി ഞാൻ നോക്കി,, ശരിയാണു തീവണ്ടിക്കിപ്പോൾ ശബ്ദമില്ല,, മുറിഞ്ഞ പാളങ്ങളുടെ മുറിപ്പാടുകളിൽ ആ ചക്രമുരഞ്ഞുണ്ടായിരുന്ന ഒച്ച അവസാനിച്ചു പോലും,, ഇപ്പോൾ പാളങ്ങൾക്കു,, മുറിവുകളില്ല,, അതുകൊണ്ടു തന്നെ അവ കരയാറും ഇല്ല...
മാറ്റങ്ങൾ കണ്ടു കണ്ടു മനസ്സു മടുത്തിരിക്കുന്നു....
ആയ കാലങ്ങളിൽ മാറ്റങ്ങളോടു വിമുഖത കാണിച്ച മുഖത്തു നിന്നും പാടുകൾ മാഞ്ഞിട്ടില്ലെന്നതും തിരിച്ചറിഞ്ഞു..
ആ ഒരു ദിവസം തുടക്കമോ ഒടുക്കമോ ആയിരുന്നില്ല..,,തുടർച്ചയായിരുന്നു,,, പിന്നീടൊരു വെള്ള കവറിൽ തസ്തിക നഷ്ടപെട്ടതിന്റെ അറിയിപ്പു കിട്ടിയ ദിവസത്തിലൂടെയുള്ള തുടർച്ച,,അവർ മലയാളം ഭാഷാധ്യാപകരെ കൂട്ടത്തോടെ പിരിച്ചു വിടുകയാണത്രേ..
മാറ്റം മുറ്റിയ ആ നവീന യുഗത്തിലേക്ക്‌ നടക്കാൻ ഒടുവിൽ ഞാൻ നിർബന്ധിതനായി ,,
മനസ്സിനെ ബാധിക്കാതെ വിട്ടുനിന്ന വാർദ്ധക്യം എന്റെ ഉൾകാമ്പുകളിൽ പോലും ചേക്കേറിയിരിക്കുന്നു,,, ഈ മാറ്റങ്ങളും എനിക്കംഗീകരിക്കാൻ പറ്റില്ല...,,
"അംഗീകരിക്കാൻ പറ്റാത്തവയെ തിരുത്താൻ ശ്രമിക്കുക,,, അല്ലെങ്കിൽ സ്വയം തിരുത്തുക.."
വിപ്ലവം വീണ്ടും ആളിക്കത്തിയ തീയിൽ സ്വയം തിരുത്താൻ ഞാൻ തീരുമാനിച്ചു....

                                                                                                                        വര്‍ഷം 2016

Sunday, September 25, 2016

ഓരോഴുക്ക് ദ്രവം...

.................ഉഷ്ണം പൊടുന്നനെ വിട്ടു പോകുന്നതു പോലെ..,, അവശനാണെങ്കിലും ആ തിരു നഗരപ്രാന്തത്തിൽ മുന്നിലേക്കുള്ള വഴികൾ തേടി ഞാൻ നടന്നു.... ആയിരം കാൽ വിളക്കുകൾ വഴി തെളിയിച്ച വീഥികൾ,, അവസരങ്ങൾക്കായ്‌ കാത്തു നിൽക്കുന്ന മനുഷ്യർ അങ്ങനെ പതിവു കാഴ്ചകൾ അവിടെയും വ്യത്യസ്ഥമായിരുന്നില്ല...
                      ഉയർച്ചയും താഴ്ചയും തളർത്താത്ത ആ പാത മുന്നോട്ടു തന്നെ നീങ്ങി..,, വഴിവക്കിൽ ഉയർന്നു നിന്നിരുന്ന മാളികകൾ പൊടുന്നനെ ചെറിയ ചെറിയ ഇഷ്ടിക കളങ്ങളായ്‌ രൂപാന്തരം പ്രാപിച്ചു..,,ചൂള തുപ്പുന്ന പുകനീങ്ങാൻ വെച്ചു കെട്ടിയ പടുകൂറ്റൻ പുകത്തൂണുകൾ വെയിലിനെ ചോദ്യം ചെയ്തു കൊണ്ട്‌ ഉയർന്നു നിന്നു..
        "എന്നിൽ നിന്നും ഒഴിഞ്ഞു പോകാൻ ആ പട്ടണത്തിന്റെ  വിഴുപ്പുകൾ കാത്തു നിൽക്കുന്നു"..,, ആ ചാരുബെഞ്ചുകളിൽ ഒന്നിൽ ഇരുന്നപ്പോൾ ആദ്യം മനസ്സിൽ വന്ന ചിന്തയതാണു..,, നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട്‌ നീളൻ യാത്രാ വണ്ടികളും ചരക്കു വണ്ടികളും പലതവണ കടന്നു പോയ്‌..,, കാലം വിനാഴിക കണക്കെ നീങ്ങിക്കൊണ്ടിരുന്നു... അലസതയിൽ നിന്നു അലസതയിലേക്കു മനസ്സു വഴുതി വീണു കൊണ്ടിരുന്നു...,,,
പതിയെ കാലൊന്നനക്കിയപ്പോൾ ചെരുപ്പിനടിയിൽ പറ്റി പിടിച്ച ഒരൊഴുക്ക്‌ കഫം ശ്രദ്ധയിൽ പെട്ടു..,,അറപ്പും ഒരു തരം വെറുപ്പും കലർന്ന ഒരു വികാരം ഉള്ളിൽ കുന്തിച്ചു വന്നു.,., അതിനെ വായ്‌ വഴി ഒന്നു മുക്കി പെറ്റിട്ടു ഞാൻ അവിടെ നിന്നും ഒരു ഇരുപതടി മാറി അടുത്ത ഇരിപ്പിടം തിരഞ്ഞു..,, അവിടെയും കാലടികൾക്കരികെ അതേ കഫപാടുകൾ... മനസ്സ്‌ മടുത്തതു പോലെ ഞാൻ എഴുന്നേറ്റു നിന്നുകൊണ്ട്‌ അകലേക്കു നോക്കി....,, ഒരു തരത്തിലും പ്രതീക്ഷക്കു വക തരാതെ ആ പാത ഇരു വശങ്ങളിലേക്കും നീണ്ടു പോകുന്നു....
        പുറകിൽ ഒരു കാർക്കിച്ചു തുപ്പലിന്റെ ഭാരിച്ച ശബ്ദം കേട്ടാണു തിരിഞ്ഞു നോക്കിയതു,, അവശനും അലസനുമായ ഒരാൾ..,, ഉറകളില്ലാത്ത കാലുകൾ ആ പഴുത്ത വെറും നിലത്തു ഉറപ്പിച്ചു കോണ്ട്‌ അയാൾ നടക്കുന്നു,, അയാൾ ഇറക്കി വെച്ച ഭാരത്തിലേക്കു ഞാൻ നോക്കി,, അതെ,, ഇതയാൾ തന്നെ,, ഈ കാത്തിരിപ്പു നിരത്തിന്റെ ഇരിപ്പിടങ്ങൾക്കരികിലും ചുവരുകളിലും സ്വന്തം വിഴുപ്പു തുപ്പിക്കളയുന്ന ആ കഫചുണ്ടുള്ള അജ്ഞാതൻ..,, മടക്കി കെട്ടിയ ഒരു അഴുക്കു പിടിച്ച മുണ്ടിൻ കോന്തലയിൽ അയാളെന്തൊ കരുതിയിരുന്നു...,, മുണ്ടിനു കീഴെ തെളിഞ്ഞു കാണുന്ന ചളി നിറം നിഴലിച്ച ആ വള്ളി ട്രൗസറിന്റെ കീശകളിൽ കയ്യിട്ടു ചൊറിഞ്ഞു കൊണ്ടിരുന്ന അയാളുടെ മെലിഞ്ഞ രണ്ടു കാലുകൾ ആ ഉടഞ്ഞ ശരീരത്തിനു എന്തു കൊണ്ടും ചേർന്നതായിരുന്നു,, എല്ലാത്തിനും പുറമേ എടുത്തു കാണാൻ കഴിഞ്ഞതു അയാളുടെ തലക്കു പിറകിൽ തൂങ്ങിയാടിയ ഒരു തള്ളവിരലോളം വലിപ്പമുള്ള അധിക മാംസമാണു..,, അതയാളുടെ മുന്നോട്ടുള്ള നീക്കത്തെ നിയന്ത്രിച്ചിരുന്നോ എന്നു ഞാൻ സംശയിച്ചു....
കാൽപാടിൽ പതിഞ്ഞ കഫത്തുള്ളികളെ കുറിച്ചോർത്തപ്പോൾ അയാളുടെ അലസ സൗന്ദര്യത്തെ ഞാൻ മറന്നു,, ഒന്നുറക്കെ ഞാൻ അയാളെ വിളിച്ചു:-അതേ മിസ്റ്റർ,, ഒന്നു നിൽക്കൂ...
അയാൾ ഒന്നു തിരിഞ്ഞു നോക്കിക്കൊണ്ടു വീണ്ടും നടന്നു,, അയാളെയാണു ഞാൻ വിളിക്കുന്നതെന്നു മനസിലായില്ലെന്നു തോന്നുന്നു..,, അല്ലെങ്കിൽ തന്നെ അയാളെ പോലൊരാളെ ആരാണു മിസ്റ്റർ എന്നഭിസംഭോധന ചെയ്യുക എന്നയാൾക്കു തോന്നിയിരിക്കണം..,, രണ്ടാണെങ്കിലും ഞാൻ ഒന്നു കൂടി വിളിച്ചു:-അതേ..,നിങ്ങളെ തന്നെ....
അയാളൊരു നിമിഷം നിന്നു കൊണ്ട്‌ 'ഞാനോ?' എന്ന മട്ടിൽ സ്വയം ചോദിച്ചു..,, നിങ്ങളെ തന്നെ എന്ന മറുപടി കൊടുത്ത ശേഷം ഞാൻ അയാളിലേക്കു നടന്നു ചെന്നു,, സംസാരിക്കാൻ പോലും ഒരു ചെറിയ വിമ്മിഷ്ടം തോന്നിക്കുന്ന തരം രൂപം..,, എങ്കിലും ഇതു പറയാതിരിക്കുന്നതു ഉചിതമല്ലെന്ന തോന്നൽ എന്നെ പിന്നിൽ നിന്നും കുത്തി..,, ഒടുവിൽ ഞാൻ ചോദിച്ചു,, "നിങ്ങളെന്തിനാ ഈ വഴി മുഴുവൻ തുപ്പി നശിപ്പിക്കുന്നതു,, മറ്റുള്ളോർക്ക്‌ അതൊരു ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കി കൂടെ,,"
അയാളൊന്നും സംസാരിച്ചില്ല..,,
ഞാൻ വീണ്ടും പറഞ്ഞു:-"അതേ നിങ്ങളോടാണു ചോദിച്ചതു.."
അയാൾ.വീണ്ടും ഒരൊഴുക്ക്‌ കഫം എന്റെ മുന്നിൽ എടുത്ത്‌ തുപ്പിക്കൊണ്ട്‌ വേച്ചു വേച്ചു നടന്നു നീങ്ങി....,, എനിക്ക്‌ ഒരുതരം ഭ്രാന്തമായ ദേഷ്യം ബാധിച്ചു,, അയാളുടെ കഫത്തിനു മുകളിലൂടെ ഞാനും കാർക്കിച്ചു തുപ്പി..,,

രണ്ടു നിറങ്ങളും ഒന്നു പോലെ....

ഏതോ ഒരു നിമിഷത്തിന്റെ ക്രോധത്തിനിടക്കു ഇതു പോലെ ഒന്നാർത്തു തുപ്പാൻ നേരം മനസ്സിന്റെ പൊട്ടിയ ചരടുകളുടെ കെട്ടുകൾ മുറിഞ്ഞു പോയതായിരിക്കണം അയാൾക്ക്‌.,, സ്വയം ചിന്തകളിലൂടെ ഞാൻ അയാളെ ന്യായീകരിച്ചുകൊണ്ടിരുന്നു....അയാൾ ആ വഴികൾ പിന്നിലാക്കി നടന്നു പോയ്കൊണ്ടിരുന്നു...,,എതിരെ വന്ന ആ തീവണ്ടിക്കു മുന്നിലേക്ക്‌..,, അയാളുടെ കഫത്തുള്ളികൾക്കു പറയാനുണ്ടായിരുന്ന  കഥകളെ ചിതറിച്ചു കൊണ്ട്‌ ആ വണ്ടി കടന്നു പോയി...

മനസ്സിൽ കുറ്റബോധമോ അമ്പരപ്പോ ഒന്നും തോന്നിയില്ല,, ചിന്തകൾ മാത്രം....

ഒരുപക്ഷേ എനിക്കു തരാതെ പോയ മറുപടികൾ അയാൾ ഈ ലോകത്തിൽ നിന്നും മറച്ചു പിടിച്ചവയായിരിക്കാം.....,
അത്തരം പലമുഖങ്ങളും ഞാൻ അതിനു മുൻപും ശേഷവും കണ്ടിരിക്കുന്നു,, അവരെ ഓരോത്തരെയും ഈ നിമിഷം തിരിച്ചറിയാനാകുന്നു..,അവരോരോരുത്തരും മറിച്ചൊന്നായിരിക്കില്ല...,,

താളുകൾ നിറഞ്ഞ, അടഞ്ഞ പുസ്തകങ്ങൾ.......

                                                                         വർഷം 2016

Wednesday, August 10, 2016

ചിന്ത

ഒരു പാതിമയക്കത്തിന്റെ അബോധാവസ്ഥയിൽ നാം കാണൂന്ന വൈകൃതങ്ങളല്ല സ്വപ്നം...,, ഒരോ കാലടിക്ക് പുറകിലും ഉപേക്ഷിക്കുന്ന അടായാളങ്ങളാണവ..,,കാലം നമ്മോടു കൂടേ മുന്നോട്ടു നീങ്ങുന്നു എന്ന് ഓർമപെടുത്തുന്നവ......
                                                       വർഷം 2016




Monday, August 1, 2016

ഒരു വാതിൽ മാത്രം...

.................പുകച്ചൂടിൽ വേവുന്ന വെള്ളത്തിന്റെ ചൂരും താളവും പതിവിലും രൂക്ഷമായി തോന്നുന്നു...,, ഒരു പക്ഷേ ഇതായിരിക്കാം അവസാനം...
          കയ്യിലൊരു പകൽ മാത്രം ബാക്കി..,, ഇനിയാ യാത്രയിൽ കയ്യിൽ കരുതാൻ കടലാസും മഷിയും ഇല്ല.,, അവയൊരു ഭാരമായി അവനു തോന്നി... പിറകിൽ ഉപേക്ഷിച്ച ഭാണ്ഡത്തിന്റെ ചുളിവുകൾക്കിടെ കിടന്നു ആ മഷിക്കുപ്പി കരഞ്ഞതു മനപ്പൂർവം കണ്ടില്ലെന്നു നടിക്കേണ്ടി വന്നവൻ പോയ പാതയിൽ പിറകെ നടന്നു വന്നതായിരുന്നു ഞാൻ..,, ആ അരക്കുപ്പി മഷിയും മുനയൊടിഞ്ഞ പേനയും കയ്യിലെടുത്ത്‌ ഞാനയാൾക്കു പിറകെ നടന്നു...,, അയാളെന്തോ പുലമ്പുന്നുണ്ടായിരുന്നു... കേട്ടവർ കേട്ടവർ അവനെ കളിയാക്കുന്നുണ്ട്‌.,., ചിലർ പുച്ചിക്കുന്നുണ്ട്‌.,., മറ്റു ചിലർ അവനോടു ചേർന്നു നിന്നു മുന്നോട്ടു നടക്കുന്നു...
                       ഞാൻ അവനു പുറകിൽ ഒരു നിഴൽ പോലെ കൂടി...,, അവനെന്നെ ശ്രദ്ധിക്കുന്നില്ല.,, അവരോടൊപ്പം അവനും മുന്നോട്ടു നടക്കുന്നു...,,, അവരൊന്നൊച്ചു ചില വാതിലുകളിൽ മുട്ടിക്കൊണ്ടിരുന്നു..,,, ഒന്നും തുറന്നില്ല.,., അവസാനം ഒരു സത്രത്തിന്റെ വാതിൽ തുറന്നു,.,.,, അവർ തുറന്ന വാതിൽ പഴുതാക്കി ഞാൻ അകത്തു കടന്നു..ഞാൻ നോക്കി നിൽക്കേ അവർ ഓരോരുത്തരായി പലമുറികളിലേക്കായി പിരിഞ്ഞു.,., അവർ പരസ്പരം പറഞ്ഞു.,,
"ഇതാണു,, പിൻ വാങ്ങാൻ ഒരുങ്ങിയവരാണു നമ്മൾ.,,, ഇന്നീ നിമിഷം നമ്മളാൽ അതുകൂടി ചെയ്യാനായില്ലെങ്കിൽ പിന്നെ മനസ്സിനെ തനിച്ചാക്കി ശരീരം കൊണ്ട്‌ ജീവിക്കുകയാണു നല്ലതു..."
              അവർ പരസ്പരം നോക്കി ചിരിച്ചു..,, ഓരോ മുറികളിലും ചുവരുകളുടെ നിറം കറുത്തു വന്നു,, കറുത്ത്‌ കറുത്ത്‌ ഇരുട്ടിനു പോലും ഭയം തോന്നിച്ച ആ മുറികളിൽ പല ജീവൻ പല നിമിഷങ്ങളിലായ്‌ പല വഴികളിലൂടെ നടന്നകന്നു....
          ആ മുറികളിൽ ഞാൻ നിർത്താതെ മുട്ടി.., ഒന്നും തുറന്നില്ല.,., ഒടുവിൽ ആ മഷിക്കാരന്റെ മുറി തുറന്നു..,, ഇരുട്ടിൽ തപ്പിയ ഞാൻ ഒരു വാതിലിൽ കൈ വെച്ചു,, മെല്ലെ ആ സാക്ഷകളെ ശല്യം ചെയ്തുകൊണ്ട്‌ ആ മുറിയിലേക്ക്‌ വെളിച്ചത്തെ കൊണ്ടു വന്നു.... ,, പുറകിൽ ആ മഷിക്കാരന്റെ ജീവസറ്റ ശരീരം കാണാൻ എനിക്കു കഴിഞ്ഞില്ല....,, ഞാൻ മുന്നോട്ട്‌ നടന്നു,, വെളിച്ചം, എങ്ങും വെളിച്ചം മാത്രം... ,,ഒരുപാടു പേർ ,, അംഗീകാരത്തിന്റെ കൊടുമുടികൾ കീഴടക്കിയ ഒരുപാടുപേർ..,, എന്റെ കയ്യിലെ മഷികുപ്പിയും ഒടിഞ്ഞ പേനയും കണ്ട്‌ അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു,, എഴുതി...,,

"തകർന്ന തൂലികയും ഒഴിഞ്ഞ മഷിക്കുപ്പിയും പേറിയ എഴുത്തിന്റെ അതികായനാളിയാൾ.., നാളെ ഈ ഭൂമിക്കൊരു വാഗ്ദാനമാകാൻ നമ്മിലേക്കു നടന്നു വന്നതാണു...."

ഞാനാ തകർന്ന തൂലികയെ നോക്കി..,, മഷിക്കുപ്പിയേയും...,ഒരു വാതിൽ അകലത്തിൽ ഈ നേട്ടങ്ങൾ നഷ്ടപെടുത്തിയ ആ ജീവനെ കുറിച്ചോർത്തില്ല..,, തൂലിക പിടിച്ച കൈകൾ വീശി ലോകത്തോട്‌ പറഞ്ഞു..,,

"അതേ ഞാനാണയാൾ...."

:-എനിക്കു പോലും ഉറപ്പില്ല ഞാൻ കുറിച്ച ആ അയാൾ ആരാണെന്നു,,, എന്നാൽ ഇന്നീ ഭൂമിയിൽ വാതിൽ തുറന്നു പുറത്തു വരുന്ന മഹാന്മാരേക്കാൾ ഒരു വാതിലകലത്തിൽ മരിച്ചു വീഴുന്നവരാണു കൂടുതൽ....

                                                                                 വർഷം 2016

Sunday, July 24, 2016

"മാറ്റം..."

                                                                        അവൻ കണ്ണാടിയിലേക്കു നോക്കി...,, ഇരുണ്ട മുഖത്തു ചില കറുത്ത പാടുകൾ ബാക്കി...,, വാർദ്ധക്യത്തിന്റെ ചുളിവുകൾ നിറ യൗവ്വനത്തിലേ മുഖത്തിന്റെ ചില കോണുകളിൽ വന്നിരിക്കുന്നു..,,, അവരവിടിരിന്നു മുറുക്കി തുപ്പുന്നതാകാം മുഖം മൂടുന്ന ആ കറുപ്പെന്നു അവൻ വിശ്വസിച്ചു....
         കയ്യിലെടുത്ത കറുത്ത ട്യൂബിനകത്തെ വെളുത്ത കൊഴുപ്പ്‌ അവൻ കൈകളിലേക്ക്‌ പീച്ചിയിറക്കി..,, മുഖത്തു വെച്ചു പത വരുത്തി..,, അരമണിക്കൂർ കാത്തിരുന്നു.,., ആ അരമണിക്കൂറിലും അവന്റെ മുഖത്തെ കറുത്ത പാടുകളെ കാണാതാകുന്നത്‌ അവൻ സ്വപ്നം കണ്ടു...,, അരമണിക്കൂർ കഴിഞ്ഞു പൈപ്പിൻ മുന്നിൽ കുനിഞ്ഞു നിന്നു മുഖം കഴുകി തുടച്ചതിനു ശേഷം അവൻ വീണ്ടുമാ കണ്ണാടിക്കു മുന്നിൽ നിന്നു...,,
സംശയത്തോടെ അവനാ കണ്ണാടി ചില്ലു തുടച്ചു..
ഒന്നു തലകുനിച്ചു...,, ഒന്നും മാറിയില്ല...,, മുഖങ്ങളും ചോദ്യങ്ങളും ഒന്നും മാറിയില്ല.....
നിരാശയോടെ ആ വയറൊട്ടിയ ട്യൂബിലേക്ക്‌ അവൻ നോക്കി.....

വർഷം 2016

Thursday, April 28, 2016

എറുമ്പുകൾ....

                കറുപ്പൻ ആ മണൽത്തിട്ടക്കരികിൽ കിടന്നു ആകാശത്തേക്കു നോക്കി..,, കടലവിടെ സുനാമി തിരകൾ തീരത്തു ആർത്തുല്ലസിക്കുന്നു....,, വീണുകിടക്കുന്ന കൊടികൾ പുതപ്പു കണക്കെ കറുപ്പനെ മൂടുന്നു...,, നൂറാൾ പൊക്കത്തിൽ അവനു മുന്നിലൂടെ ആൾ രൂപങ്ങൾ നടന്നു നീങ്ങുന്നു...,, അവർ രാമനും കൃഷ്ണനും വേണ്ടി മന്ത്രങ്ങൾ ചൊല്ലുന്നു....
അവരുടെ കാലടിയിൽ കിടന്നു കൊണ്ട്‌  കറുപ്പൻ ഉറക്കെ ഉറക്കെ വിളിക്കുന്നുണ്ട്‌
"ഏമാൻ മാരേ അടിയനിനിയിതാവർത്തിക്കില്ലാ..,, എനിക്കൊരാൾ വലിപ്പം തരൂ..."
ആരു കേൾക്കാൻ..,, കാലടികളുടെ ചവിട്ടും തേപ്പും കൊണ്ട്‌ കറുപ്പൻ കിടന്നു പുളഞ്ഞു....
            പാടത്തു കൊയ്ത്തും മെതിയും തുടങ്ങുമ്പൊഴും തമ്പ്രാന്മാർക്കു വാൾതല മൂർച്ച വെപ്പിക്കേണ്ടപ്പൊഴും മാത്രം അവർ കറുപ്പനെ വലുതാക്കും,, അവനു പറമ്പു കാണിച്ചു കോടുക്കും...,, പണിയെടുപ്പിക്കും....,,, പണിക്കാലം കഴിഞ്ഞാൽ കറുപ്പൻ വീണ്ടും ചെറുതാവും..,,
മന്ത്രവും തന്ത്രവും അറിയാവുന്ന വല്യ തമ്പുരാക്കന്മാർക്കാണോ കറുപ്പന്റെ വലിപ്പം ഒരു പ്രശ്നമാകുന്നു....ഹേ ഹേ..
            പകൽ കറുപ്പനെ തൊട്ടാൽ കുളിക്കുന്ന തമ്പ്രാക്കന്മാർ അന്തിക്കൂട്ടിനു കറുപ്പന്റെ പെണ്ണിനെ മാത്രം വലുതാക്കി ഭോഗവസ്തുവാക്കി..
കറുപ്പൻ കരഞ്ഞതു ആരും കണ്ടില്ല.,,

കറുപ്പൻ കുഞ്ഞല്ലേ...

        വലിപ്പത്തിൽ വയലിൽ പണി എടുത്തു നിൽക്കുന്ന കറുപ്പനോട്‌ തെക്കേ കണ്ടത്തിലെ പൂട്ടുകാരൻ മണിയൻ ചങ്ക്‌ തല്ലി  പറഞ്ഞു.,, കഴിഞ്ഞ രാത്രി തമ്പ്രാൻ അവന്റെ പെണ്ണിനെ വലുതാക്കിയ കഥ..... അതു കേട്ട കറുപ്പൻ തിരിച്ചും കഥകൾ പറഞ്ഞു..,, കേട്ടു നിന്നവരും പറഞ്ഞു..,, കണ്ടു നിന്നവരും പറഞ്ഞു..,,, കഥകൾ...,, കൊറേ അധികം കഥകൾ....
               കഥകളെല്ലാം കഴിഞ്ഞു എല്ലാരും ഒന്നിച്ചു നടന്നു.,.,, എറുമ്പു കണക്കെ കറുപ്പന്മാരുടെ യാത്ര കണ്ട്‌ നെഞ്ചിനു കുറുകെ നൂലിട്ടവർ ചിരിച്ചു,,, ആർത്തു ചിരിച്ചു..,,

അന്നു രാത്രിയും പെണ്ണുങ്ങൾ വലുതായി,,,

പിറ്റേന്ന് കറുപ്പനെ കുടിയിറക്കി,,

വഴിയിൽ കണ്ടതിനു മണിയനോട്‌ ഏമാന്റെ ചാട്ട കുശലം പറഞ്ഞു.,,

നെല്ലു കുത്തിയ അരിയിൽ ഉമി കണ്ട തമ്പ്രാൻ കറുമ്പിയെ തുണിയുരിഞ്ഞു നിർത്തി തല്ലി...,,

അന്നു അന്തിക്കു തല്ലുകൊണ്ടവരൊക്കെ കൂടി നിന്നു വീണ്ടും കഥ പറഞ്ഞു..,, അന്നാ കഥയിൽ കൊറേ കാര്യവും വന്നു.....
            പിറ്റേന്നു തമ്പ്രാന്റെ നാലുകെട്ടു നിന്നു കത്തി..,,, കൊപ്രക്കളം തച്ചു പൊളിച്ചു..,,... എല്ലാം ചെയ്തിട്ടു പോയതാരെന്നറിയാൻ തമ്പ്രാൻ പരക്കം പാഞ്ഞു..,, കൊറെ കറുപ്പന്മാർ  എറുമ്പു കണക്കെ വരി വരിയായി പോകുന്നു....,,
"ഇവന്മാർ എന്തു ചെയ്യാൻ " എന്നു ചിന്തിച്ച തമ്പ്രാൻ വീണ്ടും പരക്കം പാഞ്ഞു...,,

 വരി വരിയായി പോയ കറുപ്പന്മാരുടെ കയ്യിലെ തുണിയുടെ നിറം തമ്പ്രാൻ കണ്ടില്ല..,,

അല്ലെങ്കിലതു കത്തിയ പുരയുടെ അന്തപുരത്തിൽ നിന്നും ഓടിയ തമ്പുരാട്ടി കുട്ടിയുടെ ചോരക്കറയാണെന്നു നിരീച്ചിരിക്കാം...

       അന്നു കറുപ്പനും പഠിച്ചു,, സ്വയം വലുതാകാനുള്ള മന്ത്രം...

         കറുപ്പൻ മന്ത്രം പഠിച്ചു,, വേദം പഠിച്ചു,, മുതലാളിയായി,, സ്വയം വലുതാവാനുള്ള മന്ത്രം പഠിച്ച കറുപ്പൻ ചെറുതാവാനുള്ള മന്ത്രം പിന്നാലെ വന്നവർക്കു പറഞ്ഞു കൊടുത്തില്ല...,, അല്ലെങ്കിലും കറുപ്പനെന്തിനു ചെറുതാകണം...
കറുപ്പൻ വലുതായപ്പൊ വലുതായി നിന്നോർക്ക്‌ പിന്നെം വലുതാവാൻ പൂതി മൂത്തു,,

        "തമ്പ്രാന്മാർ പൂജിച്ച കല്ലുകൾക്കു ജീവനുണ്ടെന്നും ഇല്ലെന്നും വിശ്വസിക്കാൻ കറുപ്പനും തമ്പ്രാനും കഴിഞ്ഞില്ല.,, അവർ മുഖത്തോട്‌ മുഖം നോക്കി..."

കറുപ്പൻ ചിരിച്ചു,,, വലുതായി,, തമ്പ്രാൻ കരഞ്ഞു,,...,, പണ്ട്‌ മണിയനും കറുമ്പിയും കരഞ്ഞ അതേ കണ്ണു നീർ...,, ജോസഫും മമ്മാലിയം തമ്പ്രാനേയും കറുപ്പനേയും നോക്കി എന്തിനോ വേണ്ടി നെടുവീർപ്പിട്ടു....
        തമ്പ്രാൻ അലറി കരഞ്ഞു കൊണ്ടിരുന്നു..,, തന്റെ സുഖങ്ങൾ തട്ടിയെടുത്ത കറുപ്പനെ ചീത്ത വിളിച്ചു,, ഒളിഞ്ഞു നിന്നു കല്ലെറിഞ്ഞു,, കുറ്റം പറഞ്ഞു..,, എന്നാ പണിയെടുത്തു തയമ്പിച്ച കറുപ്പന്റെ മെയ്യിനും മനസ്സിനും അതു കതിരിനു കാറ്റു പോലെ ആയിരുന്നു...
          കറുപ്പൻ തന്റെ കഥകൾ ലോകത്തോടു പറഞ്ഞു , ലോകം നോക്കി നിൽക്കെ തമ്പ്രാൻ വീണ്ടും ചെറുതായി....
വരി വരിയായി നീങ്ങുന്ന എറുമ്പുകളുടെ കാലുകൾക്കിടയിൽ കിടന്നു തമ്പ്രാൻ കരയുന്നതു ആ എറുമ്പുകൾ പോലും കേൾക്കുന്നില്ല.....
കറുപ്പന്റെ ഉയരം കണ്ടു നൊസ്സ്‌ ഇളകിയ തമ്പ്രാന്മാർ കൂട്ടത്തോറ്റെ ജമീന്ദാരിന്റെ നാട്ടിലേക്കു നടന്നു.., തന്റെ കഥകൾ പറയാൻ ആരുമില്ലാത്ത ആയിരക്കണക്കിനു കറുപ്പന്മാർ ഇന്നുമുള്ള ജമീന്ദാരിന്റെ നാട്ടിലെക്ക്‌..,, അവിടെ കറുപ്പന്മാരുടെ വായിൽ പൂണൂലിന്റെ ബാക്കി വന്ന കഷ്ണം തിരുകി കയറ്റിയിരിക്കുന്നു...,, ജമീന്ദാരിന്റെ കിഴങ്ങു തോട്ടങ്ങളിൽ അവർ പണിയെടുക്കുന്നു..,, ജമീന്ദാർ ഈശ്വരന്റെ കയ്യാളാണെന്നു വിശ്വസിച്ചു കൊണ്ട്‌....

തമ്പ്രാന്മാർ ജമീന്ദാർമ്മാരെ പോയി കണ്ടു,, കറുപ്പന്റെ കഥ പറഞ്ഞു...,,, കഥ കേട്ട ജമീന്ദാർ ഒന്നു ചിരിച്ചിട്ടു ഒരു പണിക്കാരനെ വിളിച്ചു,,
"വലുതാവാനുള്ള മന്ത്രം പറയടാ..."
അവനത്‌ തെറ്റു കൂടാതെ പറഞ്ഞു..,,
"ഇനി ചെറുതാവാനുള്ളതു പറയടാ.."
അവനതും പറഞ്ഞു...,,
"
ഇനി ആ കാണുന്ന മരത്തിന്റെ ചോട്ടിലെ കല്ല് എന്താണെന്നു പറ..,"
"അത്‌ ദൈവം,, നമ്മളെ ഉണ്ടാക്കിയ ദൈവം,, ഏമാന്റെ മുതലാളി..,, "
"ദൈവം എന്തു ചെയ്യും എന്നു പറ..
"ഞാൾ എന്താ ചെയ്യണ്ടേന്നു ഏമാനോട്‌ പറയും..,, ഏമാൻ അതു ഞാളോടും പറയും..,, ഞാൾ അത്‌ ചെയ്യും.."
"അപ്പൊ വലുതാവാനും ചെറുതാവാനും ആരാ പറയാ??"
"ഞാളോട്‌ ഏമാൻ പറയും,,ഏമാനോട്‌ ദൈവോം..."
ജമീന്ദാർ തമ്പ്രാനെ നോക്കി ചിരിച്ചു,, കാര്യം തിരിഞ്ഞ തമ്പ്രാൻ ഇളിച്ചിരുന്നു...
           അവിടന്നു കിട്ടിയ ലോക പരിജ്ഞാനം കൊണ്ട്‌ തമ്പ്രാൻ കറുപ്പന്റെ നാട്ടിലേക്ക്‌ തിരിച്ചു വന്നു,, ജമീന്ദാർ പഠിപ്പിച്ച പാഠങ്ങൾ ഇവിടെ പാടി നടന്നു..,, കേട്ടവർ കുറേ ഒന്നിച്ചു കൂടി,,, തമ്പ്രാന്റെ കൂടെ ഏറ്റു പാടി..,,, ചില കറുപ്പന്മാരും കൂടെ കൂടി,,,
പണ്ട്‌ മറന്നു വെച്ച ചെറുതാവാനുള്ള മന്ത്രം ഓർത്തെടുത്തൂ..,,,
       
          "പറഞ്ഞു ചിരിച്ച അവരുടെ കാലിനടിയിലൂടെ എറുമ്പുകൾ വരി വരിയായി നടന്നു നീങ്ങി...."

വർഷം 2016

Wednesday, March 23, 2016

മരണമെന്ന ഓർമ്മപെടുത്തൽ...

അകാരണമായി ഒരുപാടു വേദനകൾക്കു വേദിയാകുന്നു പല നവമാധ്യമങ്ങളും...
മരണം മനസ്സിൽ നിന്നും പറിച്ചെടുത്ത ചില മുഖങ്ങൾക്ക്‌ ഇന്നും നല്ല ജന്മദിനാശംസകൾ നേരാൻ എനിക്കവസരം തന്ന സുക്കൻബർഗ്ഗിനെ മനസുകൊണ്ട്‌ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യാൻ തോന്നുന്നില്ല....
ഒരു മുഖം., ഒരിക്കൽ പോലും ഞാൻ നേരിൽ കാണാത്ത ഒരു മുഖം... പറഞ്ഞറിഞ്ഞ വിവരങ്ങളിൽ നിന്നും മരണമെന്ന മോചനത്തിൽ എന്നോ ചെന്നവസാനിക്കാൻ കാത്തു കഴിയുന്ന ഒരു തടവറയിൽ അവൻ സ്വതന്ത്രനായി ജീവിചിരുന്ന നാളുകളിലാണു അവനെന്ന പേരിനെ ഞാൻ അറിഞ്ഞതു..,, ഒരിക്കലീ ഭൂമിയവനോട്‌ കാട്ടാൻ ഇരിക്കുന്ന ക്രൂരതയിൽ എനിക്കു സഹതാപം തോന്നിയിരുന്നു..,, എന്നാൽ അതു മറച്ചു വെച്ചു ഒരു നല്ല സുഹൃത്തായി കടന്നു ചെല്ലാൻ ഞാൻ ആഗ്രഹിച്ചു,,, എന്നാൽ ഇനിയുമൊരാൾ കൂടി താനെന്ന കാരണത്താൽ വികാരങ്ങൾക്കടിമയാകരുത്‌ എന്ന തോന്നലിൽ ചിരിച്ചു കൊണ്ടവനതു നിരസിച്ചു....
അധികമൊന്നും കഴിയാതെ തന്നെ മരണമാ അമ്മയുടെ കണ്ണുകളിലൊരു തുള്ളി ജലമായ്‌ മാറിയതു ഞാൻ അറിഞ്ഞു...,,, എതോ ഒരു കോണിൽ അന്നു പതിഞ്ഞ ദുഖത്തിന്റെ കാഠിന്യം കാലം ദിവസങ്ങളായ്‌ മായ്ച്ചു കളഞ്ഞു...
ഒരു പാടു നാളുകൾ.,, ഇടവേളകളിൽ എനിക്കു മുഖം തരാതെ കടന്നു കളഞ്ഞ ആ ദിവസങ്ങളെ കാരണമാക്കി ഞാൻ പലതും മറന്നു....
എന്നാൽ ഇന്നലെയാ ചിരിച്ച മുഖം കാണിച്ചു തന്നുകൊണ്ട്‌ അവർ ആശംസകൾക്കു കാതോർത്തു...  കരൾ കാർന്നു തിന്നുന്ന മരണങ്ങൾ കാഴ്ചയേക്കാൾ കാഠിന്യമുള്ളതാണെന്നു മനസിലായ നിമിഷമായിരുന്നു അത്‌...
ജനിച്ച നാൾ മരിച്ച വ്യക്തിയെ ഓർമ്മപെടുത്തി....,, മരണം കാലവാതങ്ങൾക്കു അതീതമായ ഒന്നെന്നു ബോധ്യമായി....
ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയ സുഹൃത്തേ നിന്റെ മരണമെന്നെ ഓർമ്മിപിച്ച നവമാധ്യമത്തിനു മുൻപിൽ ഒരു പിടി പനിനീർ പൂക്കളോടെ ഞാൻ കൈ കൂപ്പുന്നു......

വർഷം 2016

Tuesday, January 26, 2016

ഉള്‍കാമ്പ് ....

    ഇരുട്ടറകളിലെ വെളിച്ചത്തിലേക്ക്‌...
 
                  വഴിവെളിച്ചത്തിൽ കണ്ട അവ്യക്തമായ രൂപങ്ങളോട്‌ സംസാരിക്കും പോൽ അമ്മയെന്നോട്‌ പറഞ്ഞ കാര്യങ്ങളിൽ,, പല കുറി പിൻ വിളികൾ എന്റെ കാതുകളിൽ തട്ടി പ്രധിധ്വനിച്ചു.. അടഞ്ഞു കിടന്ന ഒരു വാതിലിനിടയിലൂടെയെന്നപോലെ ഒരു അരണ്ട വെളിച്ചം മുഖത്തു തട്ടി...,,, പഴയകാലങ്ങളെ മറന്നു സ്വയം "ഞാൻ" എന്നു തിരുത്തി എഴുതി മുന്നോട്ടു നടന്ന എന്റെ മുഖത്തേറ്റ അടിയായി ആ വാക്കുകൾ..,, ജീവിതത്തിന്റെ വാൽ-തല കൂട്ടിയോജിപ്പിക്കാൻ ശ്രമിക്കുന്നതിനിടക്ക്‌ ആ അമ്മ മറന്നു പോയ ചില ബന്ധങ്ങളേകുറിച്ച്‌ ഓർത്ത്‌ നെടുവീർപ്പിട്ടപ്പോൾ അരികിലെ ഇരുട്ടിനെ മറയാക്കി സ്വയം ചെറുതാകാൻ എന്നാലായ വിധം ഞാൻ ശ്രമിച്ചു...    
                 അച്ഛൻ എന്ന ഓർമ്മയും,, അമ്മയെന്ന സ്നേഹവും ഞാൻ എന്തെന്നു എഴുതിവെച്ചതിനെ സ്വയം വിമർശനങ്ങളാൽ കഴുകി,, മയ്ച്ചു ,, മറ്റൊന്നിനെ കുടിയിരുത്താൻ ശ്രമിച്ച വലിയതെറ്റു ഇരുട്ടിന്മറ നീക്കി ചിരിച്ചു... കൈപിടിച്ചു നടത്തിയ..,, കൂടെ നടന്ന..,ഒരേ മനസ്സിൽ പങ്കുവെച്ച പലരും ഒരു കനൽകാറ്റുപോലെ തിരികെ മനസ്സിലെത്തി...,, അവർ പകർന്നു തന്ന ചൂടിൽ സ്വയം ഉരുകി തീരുന്നു ഞാൻ... അച്ഛനും അമ്മയും എന്നെ  വാർത്തെടുത്ത അച്ചിനു കാലങ്ങളുടെ പഴക്കമുണ്ട്‌...,,, നിമിഷങ്ങളെ തോൽപിച്ചു മാറി മറയുന്ന ഇന്നിന്റെ ലോകത്ത്‌ തുരുമ്പിൻ കറ ദേഹത്തു കാണുന്നു..
എന്നോട്‌ ക്ഷമിക്കണം..,, ഒരോ പിൻ വിളികൾക്കും കാതോർത്താൽ..,, തിരിച്ചു സംസാരിക്കാൻ നിന്നാൽ...,,, ഒരു പക്ഷേ നാളെ എനിക്കൊരു സ്വപ്നമായി അവശേഷിക്കും...,..,, സ്വബോധത്താൽ ഞാൻ എല്ലാം മറക്കട്ടെ....,, മറവിയെ പോലും മറക്കട്ടെ....

വർഷം 2016