Sunday, October 23, 2016

മേൽപാലം....

                                                                         "പണ്ടിതുപോലെ കോരിച്ചൊരിഞ്ഞൊരു സായാഹ്നത്തിൽ ഞാനീ മേൽപാലത്തിൽ വന്നിരുന്നു...എങ്ങു നിന്നോ വന്നു.,,അരികിലൂടെ അകലേക്കു നീങ്ങുന്ന വാഹനങ്ങളുടെ ഇരമ്പത്തിൽ നിന്നുകൊണ്ട്‌ ഞാനവളോട്‌ സംസാരിച്ചു... അന്നാ സായാഹ്നത്തിനു ശേഷം എത്രയോ വാഹനങ്ങൾ ഈ വഴി കടന്നു പോയി ,, എത്രയോ കാലഘട്ടം ഈ പാതയെ പുൽകി നീങ്ങി...,, കാലത്തിന്റെ കുത്തൊഴുക്കിൽ ആ ഓർമ്മകളും , സ്വപ്നങ്ങളും എല്ലാം ഒഴുകി ഒരുപാടകലെയെത്തി..."

            ഇന്നിതാ വീണ്ടുമതുപോലൊരു സായാഹ്നം അവളുടെ ഓർമ്മകളെ വീണ്ടും തിരിച്ചു കൊണ്ടു വന്നു..,, 32 വർഷങ്ങൾ ഞാൻ കാത്തിരുന്നു..,, വീണ്ടുമിതുപോലൊരുനാൾ വരുന്നതിനായി...ആ ഒരു പഴഞ്ചൻ പോക്കുവെയിലിനെ ഓർമിപ്പിക്കാൻ ഇക്കഴിഞ്ഞ കാലത്തിനത്രയും കഴിഞ്ഞതില്ല... എന്നാൽ ഇന്ന് ,, അകലെയാ പടിഞ്ഞാറൻ ചക്രവാളം ചുവന്നപ്പോൾ അവളെന്റെ കൂടെയുണ്ടെന്ന തോന്നൽ..

വാഹങ്ങളുടെ ഇരമ്പമില്ല...

കാലത്തിനൊപ്പം നീങ്ങിയ മനുഷ്യൻ ഈ പാതയേയും മറന്നിരിക്കുന്നു...ദൂരെ ഒരു ചെറു ബിന്ദുവായ്‌ ഈ പാത അവസാനിക്കാതെ നീളുന്നത്‌ ഇന്നെനിക്ക്‌ കാണാം..,, ആ വഴി വക്കുകൾ മരിച്ചിരിക്കുന്നു,, വശം തകർന്ന ആ മേൽപാലം ആരുടെയൊക്കെയോ ഓർമ്മകൾ അയവറക്കിക്കൊണ്ട്‌ ഇന്നും നിലനിൽക്കുന്നു..
                          അവളോടു കൂടെ നിന്ന നാളുകളെ ഓർമ്മിച്ചു കൊണ്ട്‌ അന്നു ഞാൻ നടന്നിറങ്ങിയതു അവളുടെ ഓർമ്മകളിലേക്കായിരുന്നു...,, അതായിരിക്കും അവസാനം എന്നു കരുതിയില്ല.. അടുത്ത പുലരിയിൽ അകലെയാ ശൂന്യതയിലിരുന്നു കൊണ്ടായിരുന്നു അവളെന്നോട്‌ സംസാരിച്ചതു... ആ കൊച്ചു ദേവതയെ അകലെയാർക്കോ വേണ്ടി ഈശ്വരൻ കൊണ്ടുപോയിരുന്നു....
                           ഞാനോർക്കുകകയായിരുന്നു...,,ഇന്നലെകളിൽ അവളെനിക്കു തന്ന സന്തോഷത്തെ പറ്റിയും സ്വാർത്ഥമായ്‌ പരസ്പരം കൈമാറിയ പ്രണയത്തെ പറ്റിയും എല്ലാം...നിശ്ചലം ഉറങ്ങുന്ന അവൾക്കു മുൻപിൽ ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ നിന്നു വിലപിച്ചു...,,സമൂഹം എന്നെ ശ്രദ്ധിച്ചു,,

മനസുകൊണ്ടു പോലും ഒരു തെറ്റും ചെയ്യാത്ത അവൾക്കുമേൽ വീഴുന്ന സംശയത്തിന്റെ നിഴൽ തരുന്ന തണൽ ഞാൻ ആഗ്രഹിച്ചിരുന്നില്ല.....

നടന്നു,, ആ ആൾകൂട്ടത്തിന്നു നടുവിലൂടെ,,,സഖാക്കൾ തന്ന കൈത്താങ്ങിൽ ആശ്വാസത്തിന്റെ സ്പർശം ഞാനറിഞ്ഞു...ആരോടും ഒന്നും പറഞ്ഞില്ല,, ഇരുട്ടു കയറി തുടങ്ങിയ മനസ്സുമായ്‌ നടന്നു,, പുറകിലെ നിലവിളികൾക്കിടയിൽ നിന്നും അവളെന്നെ വിളിക്കുന്നതു പോലൊരു തോന്നൽ..,, തിരിഞ്ഞു നോക്കിയില്ല,,ആകാശത്തോളം കത്തിയാളുന്ന ചിത ചാമ്പലുകൾക്കുള്ളിൽ നിന്നും അവളിനി തിരികെ വരില്ലെന്നെനിക്കറിയാമായിരുന്നു....,,
                                                     അന്നും ഞാൻ നടന്നു വന്നത്‌ ഇതേ മേൽപാലത്തിനു മുകളിലേക്കായിരുന്നു..,, നിറഞ്ഞു പെയ്ത മഴയിൽ ശിരോപാദം നനഞ്ഞു പലകുറി ആ വഴി നടന്നു,...,അന്നു മുതൽ എന്റെ സായാഹ്നങ്ങളിവിടെയായിരുന്നു..,, അന്നവളോട്‌ സംസാരിച്ചതുപോലൊരു സയാഹ്നത്തിനായ്‌ ഇക്കഴിഞ്ഞ 32 വർഷക്കാലം ഞാൻ കാത്തിരുന്നു...,, ഈ പാതയോരത്തെ ഓരോ മാറ്റങ്ങളും എനിക്കറിയാം..,, ഇവിടെ മുളച്ച ഓരോ പുൽകൊടിക്കും എന്നെയും.....
                               വർഷങ്ങൾക്കിപ്പുറം വീണ്ടും ആ പടിഞ്ഞാറൻ ചക്രവാളത്തിനു പഴയ ചുവപ്പു കാണുന്നു.....,, അന്നാ ചിതയിൽ എരിഞ്ഞടങ്ങിയവൾ ഇന്നിവിടെ എവിടെയോ ഉണ്ട്‌... ഞാൻ തിരഞ്ഞു,, അന്നിരുന്നിടങ്ങളെല്ലാം ഞാൻ തിരിച്ചറിഞ്ഞു,, അവളോടു സംസാരിച്ച ഓരോ വാക്കുകളും എന്റെ മനസ്സിൽ വന്നു നിന്നു,, അവളുടെ ഓരോ നിശ്വാസവും എനിക്കു കേൾക്കാൻ കഴിഞ്ഞു,,
               ആ ഇരുട്ടു കയറിയ സായാഹ്നത്തിൽ അവൾ വീണ്ടുമെന്റെ അരികിലെത്തി..,, വരാനിരിക്കുന്ന കുറേ വർഷങ്ങളിലേക്ക്‌ ഒരുപാടോർമ്മകൾ നൽകാൻ... അന്നവൾക്കു മുൻപിൽ നിന്നു വിതുമ്പിയ ആ കൊച്ചു കുട്ടിയിലേക്കു ഞാൻ മടങ്ങി പോയി...
                              
               മനം മടുക്കാത്ത ആ ബന്ധത്തിന്റെ ഓർമകളിൽ ഇനിയുമൊരു മൂന്നു പതിറ്റാണ്ടു കൂടി ജീവിക്കുമെന്ന വിശ്വാസത്തോടെ ചായ്ഞ്ഞിറങ്ങുന്ന ആ മേൽപാലത്തിന്റെ ചരിവിലൂടെ ഞാൻ നടന്നു നീങ്ങി.......

                                                                                                                                       വര്‍ഷം 2011

Friday, October 7, 2016

കാഴ്ച.....

.......................വൈദ്യുതി നിലക്കാത്ത ആ കമ്പികളിലേക്ക്‌ നോക്കി ഇരുന്നു തന്നെ വർഷങ്ങൾ കടന്നു പോയി,, പൊടി പിടിച്ച പുസ്തകങ്ങൾ ചുവരറകൾ നിറച്ചും അഹങ്കാരത്തോടെ ഇരുന്നു,,അരികിൽ കടന്നു പോകുന്ന മുഖങ്ങൾ ദിവസവും മാറി കൊണ്ടിരുന്നു,, തീവണ്ടി ബന്ധം എന്നും അങ്ങനെ തന്നെ,, ഒരു യാത്രയിൽ ഏതാനം മണിക്കൂറുകൾക്ക്‌ ഒന്നിക്കുന്നവർ..,, അവരിലും പലരെയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നു കുറച്ചു നാൾ മുന്നെ വരെ....
               നവയുഗം എന്ന നിശബ്ദ ചർച്ച തിക്കി തിരക്കി ആ വഴി കടന്നു വന്നു,, താളുകളിൽ നിന്നും കൈവള്ളയിലെ സ്ക്രീനുകളിലേക്ക്‌ ലോകം ചുരുങ്ങി...

"മീൻ കാരന്റെ എം 80 ക്കു പകരം പുതിയ ആപ്‌ വരെ വന്നു.."

എന്നിട്ടും ഞാൻ എന്തിനു ഇവിടെ ഇരിക്കുന്നു?? 18 വർഷക്കാലമായി ഇരിക്കുന്നു,, ഇനിയും ഇരിക്ക തന്നെ...
                   ഒരു പത്തു വർഷം മുൻപാണു,,ഈ വഴിക്കെ അരവിന്ദൻ എന്നൊരാൾ വന്നതു..., നിഴലായിരുന്നു അയാൾ.,, മരിച്ചു തുടങ്ങിയ യൗവനത്തിന്റെ നിഴലിൽ,, അന്നയാൾക്കും എനിക്കും സാമ്യങ്ങളൊരുപാടായിരുന്നു..,, നാളെയൊരു കാൽ വെയ്പ്പിനു ആ തലമുറ കോപ്പു കൂട്ടിയപ്പോൾ അതിൽ ഒരൽപം നീരസം തോന്നിയവരും,, പഴമയെ കാത്തു വെക്കാൻ കൊതിച്ചവരുമായിരുന്നു ഞങ്ങൾ...
                    അന്നാ കടയിൽ തെറ്റില്ലാത്ത ആൾപെരുമാറ്റം ഉണ്ടായിരുന്നു,, ഒരു ദിവസത്തെ യാത്രക്കു വരുന്നുവരും എന്നും ഈ വഴി കടന്നു പോകുന്നവരും എല്ലാം കടക്കു മുന്നിൽ വന്നു,, പുസ്തകങ്ങൾ വാങ്ങി,, തീവണ്ടിക്കുള്ളിൽ വെച്ചു അവർക്ക്‌ ലോകം കാണാനുള്ള മറ്റൊരവസരം ഇതു മാത്രമായിരുന്നതിനാൽ അവരിൽ പലരും എന്നോട്‌ ഊഷ്മളമായൊരു സൗഹൃദം വളർത്തി,, പലപ്പോഴും ഒരു നല്ല കച്ചവടക്കാരനായും ഒപ്പം സുഹൃത്തായും ഞാനവരോട്‌ ഇടപഴകി... അക്കൂട്ടത്തിൽ അരവിന്ദനോട്‌ മാത്രം ഒരു വൈകാരിക താൽപര്യം..,, 7 മണിയുടെ വണ്ടിക്ക്‌ അയാൾ 5 മണിക്കേ സ്റ്റേഷനിലെത്തും,, വണ്ടി വരുന്നേരം വരെ സംസാരിക്കും,, പുസ്തകങ്ങളും കൊണ്ടയാൾ യാത്രപോകും,, മൂന്നോ നാലോ ദിവസത്തിനുള്ളിൽ അയാൾ അടുത്ത പുസ്തകത്തിനുള്ള കാരണങ്ങളുമായി എന്റെ അടുക്കൽ വരും... അങ്ങനെ നീണ്ടു പോയി ഒരു പാടു നാൾ..
കാലഘട്ടങ്ങൾ വീക്ഷിക്കാൻ ഞങ്ങൾ രണ്ടുപേരും പരസ്പരം കാരണമായി..

ഇന്നിപ്പോൾ കടയിൽ പഴയ തിരക്കില്ല,, എങ്കിലും അരവിന്ദൻ മാത്രം മുടങ്ങാതെ എത്തും..,, അങ്ങനെ ഇരിക്കെ ഒരു ദിവസം അയാൾ പറഞ്ഞു അയാൾ ജോലി വിടാൻ പോകുന്നു എന്ന്..,, അറിയില്ല ഇത്ര സന്തുഷ്ടനായിരുന്ന ഒരാൾ പെട്ടന്നിങ്ങനെ..,,

ഞാൻ ചോദിച്ചു:-എന്താ പെട്ടന്നിങ്ങനെ ഒരു ....??
"ഇല്ലടോ,, കാലം മാറി,, എനിക്കീ കമ്പ്യൂട്ടറും കൊടച്ചക്രോം ഒന്നും അറിഞ്ഞൂട,,  അരവിന്ദൻ മറുപടി പറഞ്ഞു,,

ആ മറുപടിയിൽ നിന്നും എനിക്കൊന്നു മനസിലായ്‌,, അയാൾ സ്വയം ഒഴിഞ്ഞു പോരുന്നതല്ല...

'അല്ല അതിപ്പഴാണെങ്കിലും പഠിക്കാലോ..,,' ഞാൻ ചോദിച്ചു,,

ഇനിയെന്നാണെടോ എന്ന അയാളുടെ ചോദ്യം എന്നെ അലട്ടി,, അന്നയാൾ നടന്നകന്ന വഴിയത്രയും അയാൾ തല താഴ്ത്തിയിരുന്നു...

                                                      പിന്നീടു കുറച്ചു നാളുകൾക്കപ്പുറമാണു ഞാൻ അരവിന്ദനെ കാണുന്നത്‌,, കയ്യിലൊരു ലാപ്‌ടോപ്‌ ബാഗും തൂക്കി കൊണ്ട്‌ അയാൾ ചിരിച്ച മുഖത്തോടെ എന്റെ അരികിലെത്തി,, പതിവു ചർച്ചകൾക്കിടെ മാറ്റങ്ങൾക്കു സ്വയം തയ്യാറായ കഥ അഭിമാനത്തോടെ അയാൾ പറഞ്ഞു,, നേരിയ നിരാശ തോന്നിയെങ്കിലും അയാളുടെ ആ സന്തോഷത്തിൽ ഞാനും കൂടി..
                                                                       ദിവസങ്ങളും മാസങ്ങളും കടന്നു പൊയ്കൊണ്ടിരുന്നു,,, അരവിന്ദനും ആ റെയിൽ പാളങ്ങളും ചുറ്റുപാടും മാറുകയായിരുന്നു,, മറ്റു യാത്രക്കാരെ പോലെ അരവിന്ദനും എന്റെ കൊച്ചു കട കാണാത്തതു പോൽ ഒരു തോന്നൽ,, അയാളുടെ വരവു പോക്കും ക്രയവിക്രയങ്ങളും കുറഞ്ഞു വന്നു,, കാരണങ്ങളെ മറയാക്കി അയാൾ പുഞ്ചിരിച്ചു,,

"എന്തുകൊണ്ടോ..,മുഖങ്ങൾ തമ്മിൽ സമ്പർക്കം കുറഞ്ഞു.."

                                             അരവിന്ദന്റെ മനസ്സിലിപ്പോൾ പുസ്തകങ്ങളില്ല,, അയാൾ സംസാരിക്കുന്നതിനിടെ പലതവണ ശല്യം ചെയ്തു കൊണ്ട്‌ ഫോൺ വിളികൾ വന്നുകൊണ്ടിരുന്നു..,, അയാൾക്കതൊരു ശീലമായിരിക്കുന്നു പോലും..


                          പഴയതിങ്ങനെ ഓർത്തിരിക്കെ വീണ്ടുമൊരു വണ്ടി വന്നു നിന്നു,,, എന്റെ വാർദ്ധക്യം പ്രതിഫലിക്കാത്ത ഒരു മുഖം എന്നെ നോക്കി വന്നു,, അരവിന്ദൻ,,, മുഖത്തെ സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ട്‌ അയാൾ പറഞ്ഞു,,

" എനിക്ക്‌ റിട്ടയർമ്മെന്റ്‌ ആയി,, അടുത്ത ആഴ്ച്ച പിരിയൽ ഉത്തരവു വരും..."

അയാളുടെ സംസാരത്തിലെ സന്തോഷവും വാക്കുകളിലെ പഴമയും ഞാൻ ശ്രദ്ധിച്ചു.. മടുത്തു തുടങ്ങിയിരിക്കിന്നു അയാൾക്കാ ജീവിതം... ജീവിതത്തിലെ തിരക്കുകൾ ഒഴിയുന്നു,,.. അയാളെ ഇനി ഇങ്ങോട്ട്‌ കാണുമോ എന്നു ഞാൻ സംശയിച്ചു...............


                                             "കണ്ടില്ല,, പിന്നീടൊരിക്കലും..."


അരവിന്ദൻ ഒരു കാഴ്ചയായിരുന്നു,, നാളെയിലേക്കു തുറന്ന കണ്ണുകളിൽ ഞാൻ കണ്ട കാഴ്ച....
                                                                                                            വര്‍ഷം 2016

Thursday, October 6, 2016

പണ്ട്‌....


'ഒരു വല്ലാത്ത കാറ്റു വന്നു വീശിയൊഴിഞ്ഞു'
മലയിലെന്നും കാറ്റു വന്നിതുപോലെ വീശിയൊഴിയാറുണ്ടായിരുന്നു,, പോയവ തന്നെ വീണ്ടുമൊരു യാത്ര കഴിഞ്ഞു തിരികെ വരുന്നതാകുമോ?? ഒരൊഴിഞ്ഞ ഒറ്റമുറി വാസത്തിനിടക്കിത്തരം വട്ടു ചിന്തകൾക്കു മാത്രമേ ഇടമുള്ളൂ...
ആവിച്ചായയും താങ്ങിക്കൊണ്ട്‌ ആ ജനൽ പടിക്കെ ഇരിക്കെ അബ്ദു വന്നു ഉറക്കെ ചോദിച്ചു
"മാസ്റ്ററിന്നു സ്കൂളിൽ പോകുന്നില്ലേ...,,?"
"പോണം അബ്ദൂ , നിനക്കിന്നു പണിയില്ലേ??" ഞാൻ തിരിച്ചു ചോദിച്ചു.
"ഉണ്ട്‌ പക്ഷേ പോവാൻ പറ്റുമെന്നു തോന്നണില്ല്യ,, മോന്റെ സ്കൂളിന്നു വിളിച്ചിരുന്നു,, അവൻ ക്ലാസിലിരുന്നു മലയാളം പറഞ്ഞെന്നും പറഞ്ഞു വീട്ടുകാരെ വിളിച്ചിട്ടു വരാൻ പരഞ്ഞിരിക്ക്യാ,, അപൊ അവടം വരെ ഒന്നു പോണ്ടി വരും.."
"ഒഹ്‌,, എന്നാ പോയ്‌ വരൂ,, മക്കൾടെ നല്ലതിനന്ന്യല്ലെ,,"
പറയുമ്പോൾ പുച്ചവും ദുഃഖവും ദേഷ്യവും എല്ലാം മനസ്സിലുണ്ടായിരുന്നുവെങ്കിലും കേട്ടു കേട്ടു തഴമ്പിച്ചു പോയിരിക്കുന്നു...
അബ്ദു പറഞ്ഞതു മരിച്ചു കൊണ്ടിരിക്കുന്ന ഒരു സമ്പ്രദായത്തെ പറ്റിയാണു...
മാറ്റങ്ങളാൽ മാറ്റം വന്നു കൊണ്ടൊരിക്കുന്നതിനെ പറ്റി...
സമയം ചിന്തകൾ,, മുറിഞ്ഞു പോകുന്നു..,, വഴി തെറ്റി സഞ്ചരിക്കുന്നു..,, ചുവരലമാരയിൽ നിന്നും ഒരു പല്ലു പോയ ചീപ്പെടുത്ത്‌ മൂർച്ചനോക്കിയപ്പിയപ്പോളാണു തലയിൽ യൗവ്വനത്തിനു ശേഷം ഒളിച്ചിരുന്ന വെള്ളിഴകൾ ചോദ്യം ചെയ്യുന്നതു കണ്ണിൽപെട്ടതു ,, അവനെയൊന്നൊതുക്കി വെച്ചു ദൃതിയിൽ ഇറങ്ങി,, വഴി വക്കുകൾ ഇക്കഴിഞ്ഞ മുപ്പതു വർഷത്തിരിടക്കൊരുപാടു മാറിയിരിക്കുന്നു,, ഇന്നലെയിൽ നിന്ന് ഇന്നിലേക്ക്‌ എന്ന പോലെ ചുറ്റുപാടും മാറുന്നു,, ഒരൊറ്റ നാലുകെട്ടു മാത്രം അവശേഷിച്ചിരുന്നു ആ വഴിക്ക്‌,, കയ്യിൽ കൊർച്ച്‌ പൈസയിണ്ടായിരുന്നെങ്കി അതു വാങ്ങണമ്ന്നു കഴിഞ്ഞാഴ്ച്ച കൂടി രാത്രി വർത്താനത്തിനിടക്ക്‌ അബ്ദൂനോട്‌ പറഞ്ഞേ ഉള്ളൂ...,,അതും ഇന്ന് പൊളിക്കാന്നു കേട്ടു,.. ഇത്ര മാത്രം വെറുക്കാൻ പഴയ കാലം ഇവരോടെന്തു തെറ്റാണു ചെയ്തതു,, അതും അറിയില്ല...
നടന്ന വഴികളിലെല്ലാം മൂന്നു പതിറ്റാണ്ടിന്റെ മാറ്റങ്ങൾ തിരഞ്ഞു കൊണ്ടേ ഇരുന്നു,,
സ്കൂൾ മുറ്റത്തെത്തിയപ്പോൾ ഒരു പയ്യൻ കൈ വലിച്ചു കൊണ്ടെന്നെ നടത്തി,, അവനെങ്ങോട്ടാണു പോകുന്നതെന്നു ഞാൻ ചോദിച്ചില്ല,, കുട്ടികൾ അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു വളരട്ടെ,, ആ വഴികളിൽ തെറ്റു കണ്ടാൽ ചൂണ്ടികാണിക്കേണ്ടവരായിരിക്കണം മുതിർന്നവർ..
അവനോടി മൈദാനത്തെത്തി,, ആകാശത്തേക്കു ചൂണ്ടി കൊണ്ട്‌ കാണിച്ചു,, ഒച്ചയുണ്ടാക്കി കൊണ്ട്‌ ഉയരെ പറന്ന ആ കോപ്റ്റർ അപ്പൊഴാണു ഞാൻ ശ്രദ്ധിച്ചത്‌,, അവനോട്‌ വല്ലാത്തൊരു വാൽസല്യം തോന്നി,, ഈ മാറ്റങ്ങൾക്കിടയിലും ചില ശീലങ്ങൾക്കു മാറ്റമില്ലെന്നു തോന്നി...അവനാ കാഴ്ച്ച കണ്ണിൽ നിന്നും മായുന്നതു വരെ നോക്കി,,വീണ്ടുമെന്റെ കയ്യിൽ തൂങ്ങി...,,,
ഇതു പോലൊരു തലമുറക്കു രൂപം നൽകാനാകില്ലെന്ന ചിന്തയാണു വിപ്ലവകരമായ ഒറ്റക്കുള്ള ജീവിതത്തിലേക്കെന്നെ നയിച്ചത്‌...
അവനെയും കൊണ്ട്‌ ക്ലാസ്സ്‌ മുറിയിലേക്കു നടന്നു..,,, അന്നവർക്കൊരു പഥികന്റെ അനുഭവകഥ വിവരിച്ചു കൊടുത്തു..,,
"തീവണ്ടിയുടെ കൂക്കിവിളിയും താളവും ഞാൻ കേട്ടിട്ടു മാസങ്ങളായിരിക്കുന്നു.."
ആ വാചകം ഒന്നാവർത്തിച്ചു ഞാൻ നിർത്തിയപ്പോൾ ഒരുവനുറക്കെ ചോദിച്ചു,,
"മാസ്റ്റർ ,, തീവണ്ടിയുടെ താളമെന്താണു?"
അമ്പരപ്പും അതിശയവും മറച്ചു വെച്ചു അവനോടു തീവണ്ടിയിൽ കയറിയിട്ടുണ്ടോ എന്നു ഞാൻ ചോദിച്ചു,,
അവനുണ്ടെന്നു മറുപടി പറഞ്ഞപ്പോൾ എന്നിലെ അധ്യാപകൻ ചുരുണ്ടു കൂടി ഒരു മൂലയിൽ ഇരിപ്പായിരുന്നു...,
ഞാനും സംശയിച്ചു തീവണ്ടിക്കു താളമില്ലേ...??
തീവണ്ടിയിൽ യാത്ര ചെയ്തിട്ടു ഒരുപാടു വർഷങ്ങളായിരിക്കുന്നു ,, എന്റെ ഓർമയിൽ തീവണ്ടിക്കെന്നും ശബ്ദമുണ്ടായിരുന്നു...,, അന്നവനോടതു പഴയ തീവണ്ടിയായിരുന്നു എന്ന മറുപടിയിൽ അവസാനിപ്പിച്ചു,, പിന്നീടന്നു മുഴുക്കെ ഒരേ ചിന്ത മാത്രം,, തീവണ്ടി,,..
അന്നു വൈകീട്ടു അടുത്ത റെയിലിൽ പോയി ഞാൻ നോക്കി,, ശരിയാണു തീവണ്ടിക്കിപ്പോൾ ശബ്ദമില്ല,, മുറിഞ്ഞ പാളങ്ങളുടെ മുറിപ്പാടുകളിൽ ആ ചക്രമുരഞ്ഞുണ്ടായിരുന്ന ഒച്ച അവസാനിച്ചു പോലും,, ഇപ്പോൾ പാളങ്ങൾക്കു,, മുറിവുകളില്ല,, അതുകൊണ്ടു തന്നെ അവ കരയാറും ഇല്ല...
മാറ്റങ്ങൾ കണ്ടു കണ്ടു മനസ്സു മടുത്തിരിക്കുന്നു....
ആയ കാലങ്ങളിൽ മാറ്റങ്ങളോടു വിമുഖത കാണിച്ച മുഖത്തു നിന്നും പാടുകൾ മാഞ്ഞിട്ടില്ലെന്നതും തിരിച്ചറിഞ്ഞു..
ആ ഒരു ദിവസം തുടക്കമോ ഒടുക്കമോ ആയിരുന്നില്ല..,,തുടർച്ചയായിരുന്നു,,, പിന്നീടൊരു വെള്ള കവറിൽ തസ്തിക നഷ്ടപെട്ടതിന്റെ അറിയിപ്പു കിട്ടിയ ദിവസത്തിലൂടെയുള്ള തുടർച്ച,,അവർ മലയാളം ഭാഷാധ്യാപകരെ കൂട്ടത്തോടെ പിരിച്ചു വിടുകയാണത്രേ..
മാറ്റം മുറ്റിയ ആ നവീന യുഗത്തിലേക്ക്‌ നടക്കാൻ ഒടുവിൽ ഞാൻ നിർബന്ധിതനായി ,,
മനസ്സിനെ ബാധിക്കാതെ വിട്ടുനിന്ന വാർദ്ധക്യം എന്റെ ഉൾകാമ്പുകളിൽ പോലും ചേക്കേറിയിരിക്കുന്നു,,, ഈ മാറ്റങ്ങളും എനിക്കംഗീകരിക്കാൻ പറ്റില്ല...,,
"അംഗീകരിക്കാൻ പറ്റാത്തവയെ തിരുത്താൻ ശ്രമിക്കുക,,, അല്ലെങ്കിൽ സ്വയം തിരുത്തുക.."
വിപ്ലവം വീണ്ടും ആളിക്കത്തിയ തീയിൽ സ്വയം തിരുത്താൻ ഞാൻ തീരുമാനിച്ചു....

                                                                                                                        വര്‍ഷം 2016