Thursday, December 24, 2015

തൂലിക...

 എഴുത്തകങ്ങൾ.... 





                            പണ്ടൊരു ഹൈ സ്കൂൾ വരാന്തയിൽ വെച്ചാണു കയ്യിലിരിക്കുന്ന പേനക്കുള്ളിൽ വളരുന്നൊരു ബീജമുണ്ടെന്നു ഞാൻ തിരിച്ചറിയുന്നതു...അതവളുടെ മാതൃത്ത്വത്തിലേക്കു നിക്ഷേപിച്ചു കടന്നു കളഞ്ഞതാരെന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാതെ വന്നു കൊഞ്ഞനം കാട്ടുന്നു.... ഒരുപാടാലോചിച്ചു......                                                                                          വഴിവിളക്കുകൾ മങ്ങിയ ആ പാടവരമ്പിലെ നാട്ടുവഴികളിൽ വീണുടഞ്ഞ ബന്ധങ്ങളിൽ ഞാൻ കണ്ട പവിത്രതയായിരുന്നു എന്റെ ആദ്യ എഴുതു പ്രതി....,,,, ആവശ്യങ്ങൾക്കുപയോഗിച്ചു വലിച്ചെറിയുന്ന "കാമുകി"യിൽ നിന്നു വർണ്ണ നിറമുള്ള ചെപ്പുകളിൽ ഞാൻ ഒളിപ്പിച്ചു വെച്ച "പ്രണയിനി"യിലേക്കു അവൾ വളർന്ന നാളുകളിലെല്ലാം അവളെന്നോടോരുപാടു കാര്യങ്ങൾ പറഞ്ഞു....,,, കൈപ്പടകളിലൂടെ ഞാൻ അതു ലോകത്തോട്‌ പറഞ്ഞു..,,വിമർശനങ്ങളും പ്രശംസനങ്ങളും വളമിട്ടുതന്ന വീഥിയിൽ മുന്നോട്ട്‌ നടന്നു...                                                                                               പലകുറി ഞാൻ ചിന്തിച്ചിരുന്നു മാറ്റങ്ങളുടെ ലോകത്തു എഴുത്തകങ്ങൾക്കു ചവറ്റു കുട്ടയുടെ സ്ഥാനമാണോ ഉള്ളത്‌ എന്നു...,, ആ ചവറ്റു കുട്ടകളിലേക്കു നടന്നു കയറാൻ കൊതിച്ച എന്റെ മുന്നിലേക്കു വാസ്തുശിൽപകലയുടെ വിശാലമായ ലോകം തുറന്നുതന്നതെന്റെ അമ്മയാണു...,,, രണ്ടു വർഷങ്ങൾ എടുത്തു ആ വിശാലതയിൽ എന്റെ വേഷമെന്തെന്നു തിരിച്ചറിയാൻ...ഇനിയീ വേഷമിവിടെ ആടി തീർക്കാം....അഴിച്ചു മാറ്റുന്ന ബിരുദത്തൊപ്പിയുടെ ഭാരമില്ലായ്മയിൽ നിന്നും മറ്റൊരു വേഷവുമായി വീണ്ടും തുടങ്ങാം......"എന്റെ പ്രണയം എന്നും തൂലികയോടായിരുന്നു                                                                                                                                                                                                 വർഷം
2015

ഞാൻ.....

എന്റെ പേരിനു പുറകിൽ എന്റെ അച്ഛന്റെ പേരു വെക്കനാണു എനിക്കിഷ്ടം.., ഒരു സമുദായവും എന്നെ ഞാൻ ആക്കിയിട്ടില്ല.., എന്റെ വിശപ്പിനു ഭക്ഷണം തന്നിട്ടില്ല ,,,എന്റെ ദുഖങ്ങളിൽ കൈത്താങ്ങായിട്ടില്ല..., അതുകൊണ്ടുതന്നെ സമുദായത്തിന്റെ വിഴുപ്പു ചുമന്നു നടക്കേണ്ട ആവശ്യവുമില്ല... സ്വന്തം സൃഷ്ടാക്കളെ മാറ്റി സമുദായത്തെ പ്രതിഷ്ടിക്കുന്നവരേ നിങ്ങൾ നിങ്ങളെ തിരിച്ചറിയാൻ ശ്രമിക്കുക...
                                                                          വർഷം 2015

Tuesday, December 8, 2015

സൗഹൃദം.....

നഗര കാഴ്ച്ചകൾ..
           ""കണ്മുന്നിൽ ഒരു നഗരം ആർത്തു വിളിക്കുന്നു...,, വഴിവാണിഭക്കാരും വാഹനങ്ങളും ഒരുപോലെ തിങ്ങി നിറഞ്ഞ ആ നഗരത്തെ നോക്കി നിൽക്കുമ്പോൾ അസുഖകരമായ ഒരവസ്ഥ..... ഈ ബഹുനില കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട്‌ ഈ നഗരത്തെ വീക്ഷിക്കുമ്പോൾ മറവിയുടെ അകക്കാമ്പിൽ നിന്നും എന്തൊക്കെയോ അനക്കങ്ങൾ ഞാനനുഭവിക്കുന്നു...,, ആ നേർത്ത ചലനങ്ങൾക്ക്‌ എന്നോടൊരുപാട്‌ പറയാനുണ്ടായിരുന്നു...,, എന്റെ പാതി ജീവിതത്തോളം പഴക്കമുള്ള ചിലത്‌...
                     നാളൊരുപാട്‌ മുൻപ്‌ ഇവിടേക്കിനിയില്ല എന്നുറപ്പിച്ചുകൊണ്ട്‌ എല്ലാം ഉപേക്ഷിച്ചു പോയവനാണു ഞാൻ...,,  എന്നാൽ കാലം വീണ്ടുമെന്നെയിവിടെയെത്തിച്ചു.,, എന്തൊക്കെയോ ചെയ്തു തീർക്കാനുള്ളതു പോലെ....,,
                ഒരുനാൾ ഞാനും ഈ നഗരത്തിലെ ഒരംഗമായിരുന്നു..,അറിവിന്റെ അനന്ത സാധ്യതകൾ തേടി ഞാനും ഈ വഴി നടന്നിരുന്നു.., ഒരുപാടുപേരെ കണ്ടുമുട്ടി.,., പരിചിതർ ചുരുക്കമെങ്കിലും എനിക്കെല്ലാം തന്നതീ നഗരമായിരുന്നു....""

                                   പുറകിലെ സോഫയിൽ കിടന്നു ഒച്ചവെച്ചുകൊണ്ട്‌ ആ സെൽ ഫോൺ എന്നെ ഓർമയുടെ ആഴപ്പരപ്പിൽ നിന്നും തിരികെയെത്തിച്ചു..,, അലക്ഷ്യമായി സ്ക്രീനിൽ വിരലോടിച്ചു കൊണ്ട്‌ ചെവിയോടു ചേർത്തപ്പോൾ അരിശമിരട്ടിപ്പിച്ചു കൊണ്ട്‌ സേവനദാതാക്കളുടെ യന്ത്രമുരൾച്ച ഒരു സ്ത്രീ ശബ്ദത്തിൽ കേട്ടു..,, അവൾക്ക്‌ ജീവനുണ്ടായിരുന്നെങ്കിൽ എന്നു ഒരു നിമിഷം ആഗ്രഹിച്ചു പോയി...
                     ആ ബാൽക്കണി വീണ്ടും എന്നെ സ്വാഗതം ചെയ്തു.., ചിന്തകളുടെ ഒരു വാതിൽ തുറന്നു കൊണ്ട്‌....,, ""എനിക്കെല്ലാം തന്നതീ നഗരമായിരുന്നു...,അതേ നഗരം തന്നെ "നീ ഇതർഹിക്കുന്നില്ല" എന്നാക്രോശിച്ചു കൊണ്ട്‌ എന്നിൽ നിന്നെല്ലാം പിടിച്ചു വാങ്ങി...,, കുടുംബം ,, സൗഹൃദം ,, പ്രണയം ,, സ്വപ്നങ്ങൾ ,, അങ്ങനെ എല്ലാം...,,
'കൂട്ടത്തിൽ ഒരു കൂട്ടുകാരിയേയും...'""
             ചിന്തകൾക്കുമീതെ വീണ്ടുമൊരു ഫോൺ കോൾ കൂടി..,, നേഹ.,, കൊളീഗ്‌ ആണു...,,എന്നാൽ അതിൽ കൂടുതൽ എന്തോ ആണു അവൾ..,, ഇന്ന് ഈ നഗരത്തിൽ സ്വന്തം എന്നു പറയാൻ അവൾ മാത്രമേ ഉള്ളു..,, കഴുത്തിൽ വീണ കുരുക്കിന്റെ ഓർമ്മ പുതുക്കാൻ വിളിക്കുകയാണു പാവം...,,  സെൽ ഫോൺ അലക്ഷ്യമായി സോഫയിലേക്കു തന്നെ വലിച്ചെറിഞ്ഞുകൊണ്ട്‌ വീണ്ടും ചിന്തകളെ പുൽകി.....,., ആ ചിന്തകൾക്കെന്റെ അധ്യയന കാലത്തോളം പഴക്കമുണ്ടായിരുന്നു...
             ചിന്തകൾ സ്വതന്ത്രമാണു..,, പ്രവൃത്തികൾക്കു തടയാൻ കഴിയാത്തത്ര സ്വതന്ത്രം...,,, ആ ആസ്വാദനത്തെ മുറിച്ചുകൊണ്ട്‌ ഒരു സെൽഫ്‌ പുഷ്‌- പുൾ വാതിൽ എനിക്കു മുന്നിൽ നിന്നു..,, അവൾ പറഞ്ഞ കഫെയുടെ ചവിട്ടുപടികൾ കയറി ചെന്നപ്പോൾ മനസു തണുത്തു..,, അവളും ഭർത്താവും മാത്രം...,, ഒരു ആൾകൂട്ടം പ്രതീക്ഷിച്ചു വന്ന എനിക്കു ആ ഏകാന്തത എന്തിലും വലിയ സമ്മാനമായിരുന്നു...., അവൾക്കറിയാം എന്നെ....   എന്നും ഏകാന്തതയുടെ കാമുകനായിരുന്നു ഞാൻ.., ആ പ്രണയം ഇന്നും അവസാനിച്ചിട്ടില്ല...,.,,

"ചില ഭ്രാന്തൻ ശീലങ്ങൾക്കു മരണമില്ല.."
          
              "അത്തരം ഒരു ഭ്രാന്തമായ ദിവസത്തിലാണു ആ പഴയ കൂട്ടുകാരി എന്റെ ജീവിതത്തിലേക്കു കടന്നു വരുന്നതു..,, ചുറ്റും ആളുകൾ ആഘോഷചടങ്ങുകളിൽ പങ്കു കൊള്ളുമ്പോൾ.,, ആളൊഴിഞ്ഞ ഒരു കോണിൽ വെച്ചാണു ഞാൻ അവളെ ആദ്യമായ്‌ കാണുന്നതു..,, ഒരു സുഹൃത്തിന്റെ സഹോദരി എന്ന നിലക്ക്‌ അവളെ പരിചയപ്പെട്ടു...,, അന്നവിടെ പിരിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം പിടിതരാൻ ആഗ്രഹിക്കാത്ത ആരോ അയക്കുന്ന സന്ദേശങ്ങൾ ഇൻ ബോക്സ്‌ ഇൽ വന്നു തുടങ്ങി..,, അലക്ഷ്യമായി സമീപിച്ച ആ സന്ദേശങ്ങൾക്കു ഞാൻ ആദ്യമായി കൊടുത്ത മറുപടി ഒരു അടിത്തറയാക്കി ആ ബന്ധം വളർന്നു..., സംഭാഷണങ്ങളും, കൂടിക്കാഴ്ച്ചകളും,  ഞങ്ങളെ പരസ്പരം അടുപ്പിച്ചു..,,, ഒരിക്കലും മറ്റൊരർത്ഥം ഞാനാ ബന്ധത്തിനു കൊടുത്തില്ല...... "

"പലരേയും ആ കാലയളവിൽ ഞാൻ കണ്ടുമുട്ടി,,, പലരും വിട്ടകന്നു പോയ്‌., ചിലർ കൂടെ നിന്നു....,, കൂട്ടത്തിൽ അവളും   "
            "കാഴ്ച്ചയിൽ പോലും ഇന്നും ആ ഭൂതകാലമോർമ്മിപ്പിക്കുന്ന ഒരു പഴഞ്ഞൻ ഫോൺ ഇന്നും ആ ബന്ധത്തിന്റെ ബാക്കിയായ്‌ ഞാൻ സൂക്ഷിക്കുന്നു,,, ചുരുക്കം ചില പുതുമകളോടെ..."
                    " ആ സൗഹൃദം അതിരുകളില്ലാതെ വളർന്നു...,,, ഒടുവിലെന്തിനൊ..,, എപ്പൊഴോ..,, ഒരു തർക്കം....പിന്നീടൊരകൽച്ചയായിരുന്നു...,, അപൂർവ്വം ചില ഫോൺ കോളുകൾ മാത്രം..,, അകന്നുപോകുന്നുവോ എന്ന തോന്നലിൽ ജീവിതം ഇരുവശവും നോക്കി നിന്നു...
                               പാഠപുസ്തകങ്ങളിൽ കലാലയത്തിന്റെ ഗന്ധം പരന്നു..,,ആ കാലത്തിനിടക്കെപ്പൊഴോ വീണ്ടും അവൾ..,,, സന്ദേശങ്ങളുടെ എണ്ണം കുറഞ്ഞു,, സംഭാഷണങ്ങളുടെ ദൈർക്ഖ്യം കൂടി.,.,പണ്ടുമുതലേ ഞങ്ങൾക്കിടയിലൊന്നും മറക്കാനുണ്ടായിരുന്നില്ല..,,...
                            പ്രായത്തിന്റെ പക്വത ഇരുവരിലും വന്നു,,, ഒരു വഴിയോരക്കാഴച്ചക്കാരനു പറഞ്ഞു നടക്കാൻ കഥകളൊരുപാടുണ്ടായിരുന്നു..,, കഥകൾ നാടറിഞ്ഞതോടെ പുരസ്കാരങ്ങൾ തേടി വന്നു...., പിന്നീടൊരുപാടു നാൾ നിശബ്ദതയിലൂടെ സഞ്ചരിച്ചു..,,  വർഷങ്ങൾ കടന്നു പോയി...,,ഒടുവിലെവിടെ നിന്നോ ഒരു അവസാന സന്ദേശം.,,
                   "ഞാൻ പോകുന്നു."
                  പിന്നീടു വീണ്ടും നിശബ്ദത.., ഏകാന്തത..,, ഒരുപാടുനാൾ ഞാൻ തേടി നടന്നു..,, സൗഹൃദകൂട്ടായ്മകളിലൂടെയും മറ്റും ഒരുപാടു സഞ്ചരിച്ചു,, നിരാശയായിരുന്നു ഫലം...,, സ്വയം വെറുത്ത ഏതാനം നാളുകൾ...,, ഒന്നിനുപുറകെ ഒന്നായ്‌ നഷ്ടങ്ങൾ പിടിച്ചുലച്ചു..,,ഒടുവിൽ എല്ലാം നഷ്ടപെട്ടു ആരുമല്ലാത്തവാനായി നിന്നപ്പോൾ സമൂഹം പുഛിച്ചു ചിരിച്ചു,, ചിലർ സഹതാപത്തോടെ  നടിച്ചു..,,, അന്നീ നാടും വീടും ഉപേക്ഷിച്ചു യാത്രയായി.,., എങ്ങോട്ടെന്നില്ലാതെ....."
                        
                        ആ യാത്രയിൽ വീണ്ടുമിവിടെ എത്തുമെന്നു ഞാൻ പ്രതീക്ഷിച്ചിട്ടില്ല.., , എത്തണമെന്നു ആഗ്രഹിച്ചിട്ടില്ല.., ...എന്തോ ബാക്കിയാക്കിയ പോലെ കാലമെന്നെ വീണ്ടുമിവിടെയെത്തിച്ചു,....

                     വെളിച്ചത്തെ ഒളിച്ചുവെച്ച ആ മുറിക്കകത്ത്‌ നേരിയ ഒരു വെളിച്ച.ം ജീവൻ വെച്ചു..,,..., കാലം ബാക്കിയാക്കിയ ആ പഴഞ്ചൻ ഫോൺ ഇന്നെന്തോ പതിവില്ലാത ഒരുത്സാഹം.,..,,  കയ്യിലെടുത്ത്‌ നോക്കിയപ്പോൾ തോന്നിയ വികാരത്തിന്റെ വിശദീകരണം എന്നാൽ കഴിയുന്നതായിരുന്നില്ല...,
         ""മറന്നോ എന്നെ?????""
                     ഏറെ പരിചിതമായ ആ ശൈലി ഞാൻ മറന്നിട്ടുണ്ടായിരുന്നില്ല.., .. ഒരു നിമിഷം ഞാൻ നിശ്ചലം നിന്നു..., വിറച്ചുപോയ കയ്യിൽ നിന്നും ആ വയോധികൻ താഴെ വീണു ചിതറിത്തെറിച്ചു...,,, എന്തെന്നില്ലാത്ത ഒരു ദുഖം മനസ്സിനെ തഴുകി,,, തലോടി..,,, തകർത്തു....നഷ്ടപെട്ടിട്ടില്ല എന്ന തോന്നൽ.,, കാത്തിരുന്നു ഒരുപാടു സമയം,, ഇല്ല ,, പിന്നീടൊരു പ്രതികരണം ഉണ്ടായില്ല.., , ഉള്ളിൽ നിറഞ്ഞ ദുഖവുമായ്‌ ഞാൻ ആ സോഫയിലേക്കു ചായ്ഞ്ഞു...,, തറയിൽ ചിതറി കിടന്ന ആ കഷ്ണങ്ങൾക്കിടയിൽ പ്രിയകൂട്ടുകാരിയുടെ ഓർമ്മകളുണ്ടായിരുന്നു..,, ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത ഓർമ്മകൾ...
മനസ്സു മെല്ലെ പറഞ്ഞു,, ""അവൾ  ഇന്നും നിന്നെ ഓർക്കുന്നു,, അകലെയെവിടെയോ ഇരുന്നു കൊണ്ട്‌""......
പ്രിയ കവിയുടെ തൂലിക മൊഴിഞ്ഞ വരികളുടെ കടന്നു കയറ്റം..,, വേർ പാടിന്റെ നൊമ്പരമെന്തെന്നറിയിക്കുന്ന വരികൾ..,,
                  """രേണുകേ..."""
                                    വർഷം 2011

Saturday, December 5, 2015

ആദ്യ പ്രണയം...

ഒരു നിശയെ പ്രണയിക്കാം...

""നീ എന്നും എനിക്കൊരു നല്ല സുഹൃത്തായിരിക്കും ""

അവളുടെ വാക്കുകളിലെ അവ്യക്തതയിൽ നിന്നും എനിക്കതു വ്യക്തമായിരുന്നു.... മറുപടിയോടെ ഉപചാരമവസാനിപ്പിക്കാതെ ഞാൻ നടന്നു...,, പുറകിൽ അവളുടെ വിളികൾക്കു ചെവികൊടുത്തിരുന്നെങ്കിൽ നടക്കാൻ പാടില്ലാത്ത പലതിനും ആ പൊതുവഴി സാക്ഷിയാകുമായിരുന്നു.....
നടന്നകന്ന ഒരോ അടിയിലും കൺതടങ്ങൾ ഭാരിക്കുന്നതു ഞാൻ അറിഞ്ഞു...... ഈ ഭൂമിയിൽ എന്തുകൊണ്ടും ഞാൻ തനിച്ചാണെന്നു തോന്നിപോയ നിമിഷങ്ങൾ.......

അവളിലേക്കു ഞാൻ എത്തിയതെങ്ങനെ എന്നെനിക്കറിയില്ല..,, വിവരമില്ലായ്മയുടെ ഒരു വ്യാഴവട്ടക്കാലത്തിന്റെ പഴക്കമുള്ള ബന്ധമായിരുന്നു അത്‌..........

ഒരു കാഴ്ചയിൽ പോലും നിഷ്കളങ്കത നിറഞ്ഞുനിന്ന എന്റെ ബാല്യം...,, അവിടെയൊരു കളിത്തോഴി ആയി അല്ലെങ്കിലും ഒരു സഹപാഠിയായി അവളുണ്ടായിരുന്നു...., ഒരു ക്ലാസ്സ്‌ മുറിയുടെ രണ്ടു തലക്കാൽ ഞങ്ങളിരുന്നു...,, പരസ്പരം എന്നോ കൈമാറപെടേണ്ട ഒരു പ്രണയം ഞങ്ങൾക്കിടയിൽ ഉയരാനൊരുങ്ങിയ യവനികയായി ഉണ്ടെന്നതു ഞാൻ തിരിച്ചരിഞ്ഞിരുന്നില്ല..... ഒരു ഭംഗിവാക്കിന്റെ അകമ്പാടിയില്ലാതെ ആ അധ്യയനസമുച്ചയങ്ങളുപേക്ഷിച്ചു ഞങ്ങൾ ഒഴുകിയകന്നു........

"മുൻപോട്ടൊഴുകുന്ന ജീവിതത്തെ ഒന്നു പുറകിലേക്കു വലിക്കാനുതകുന്ന കയറുകൾ തിരയുകയാണു ഞാൻ ഇന്നു...""

കാലവാതങ്ങൾ പലകുറി വീശിയകന്നു....,, ഒരു യാത്രയിൽ വീണ്ടും ഞങ്ങൾ സഹയാത്രികരായ്‌ ഒന്നിച്ചു...,, അർത്ഥവൈവിധ്യങ്ങളൊന്നും തന്നെ മനസിലാക്കാതിരുന്ന ആ യാത്രയിൽ ഞാൻ സന്തുഷ്ടനായിരുന്നു.....,, അവസരങ്ങൾ തേടിവരുന്നതിനെ പ്രതി ഞാനോട്ടും ആകുലനായിരുന്നില്ല....,, അവയെന്തിനെന്നും എനിക്കറിവില്ലായിരുന്നു.......,, ആ തിരിച്ചുവരവുകളെന്തിനാണെന്നു ഞാൻ അറിഞ്ഞതു പിന്നെയും വർഷങ്ങൾ കഴിഞ്ഞാണു...,,

കൗമാരം...,,, വികാരങ്ങളുടെ തള്ളിച്ചയിൽ ഒരോ മനുഷ്യനും തിരിച്ചറിവുകൾക്കു അടിമപെട്ടു പോകുന്ന പ്രായം...,, അങ്ങനെയൊരു പിന്താങ്ങലിൽ മുന്നിൽ നിന്നവനു നേരെ പൊങ്ങിയ കൈകൾ പിന്നീടു ഞാൻ കാണുന്നതു കട്ടി തുണികൊണ്ടു മറച്ച നിലയിലാണു...,,,..  ആ വൈകല്യം പിന്നീടൊരുപാടു സൗജന്യങ്ങൾ എനിക്കു സമ്പാദ്യമായി തന്നു...,, കൂട്ടിവെയ്ച്ചാൽ കുന്നോളം ഉയരമുള്ള സമ്പാദ്യം......,, ഒരു വിളക്കുകാളിന്റെ മറപിടിച്ചു കൊണ്ട്‌ അവൾ പങ്കുവെച്ച സൗഹൃദത്തിന്റെ പുഞ്ചിരിക്കരികിൽ,,,, അന്നാ കണ്ണുകളിൽ ഞാൻ തിരിച്ചറിഞ്ഞതെന്തോ,, അതായിരുന്നു..

"പ്രണയം..."

അന്നു മുതൽ പരസ്പരം സംസാരിച്ച ആ കണ്ണുകളോടു ഞാൻ മനസ്സാൽ കൈമാറിയതും അതുതന്നെയായിരുന്നു.... ഒരു വാക്കുപോലും സംസാരിക്കാതെ... അമ്മയോടു കള്ളം പറഞ്ഞും,, ഏട്ടനെ കബളിപ്പിച്ചും ഞാൻ കൊത്തിയുണ്ടാക്കിയതു അവളുടെ ശിൽപമായിരുന്നു,, ഇടവഴികളിൽ പൊഴിഞ്ഞു വീണ ഇലകളോടു കുശലം ചോദിച്ചും,,, കാറ്റിനോടു  സല്ലപിച്ചും ആ ചുവരരികിലും കൊന്നച്ചുവട്ടിലും ഞാൻ നിന്നതു അവളെ കാണാനായിരുന്നു..,, അവളോടാ പ്രണയം കൈമാറാനായിരുന്നു....എന്നാൽ കാലം വീണ്ടുമെഴുതിയ എന്റെ സ്വപ്നങ്ങളെ ഞാൻ മനപൂർവ്വം കല്ലറക്കുള്ളിൽ അടച്ചു...,, .. അന്നാളുകളിൽ എന്നിലേക്കു തേടി വന്ന ഒരു സൗഹൃദത്തിന്റെ ആഴങ്ങളിൽ ചില സത്യങ്ങൾ ഞാനറിഞ്ഞു...,, അതിലവളില്ലായിരുന്നു എങ്കിലും അതവളുമായ്‌ ചേർന്നതായിരുന്നു....
പ്രണയം മനുഷ്യനെ ഭ്രാന്തനാക്കുന്നു എന്ന കവിവാക്യത്തിന്റെ പൊരുളിനോടടുക്കുമ്പോൾ ഉള്ള നീറ്റൽ ഞാൻ അറിഞ്ഞു...,, തണുത്തുറയാൻ കാലമൊരുപാടെടുത്ത നീറ്റൽ....,,

അകന്നു പോയ്‌ ,,അവളൊരുപാടു.... ഞാനും മാറ്റങ്ങളെ അംഗീകരിക്കാൻ തുടങ്ങിയിരുന്നു.....,,

ചാട്ടുളിപോലെ കാലം കൗമാരത്തിന്റെ അവസാനനാളുകൾ എന്നിലേക്കടുപ്പിച്ചു...,,

അവസാനത്തെ കൂടിച്ചേരൽ...,, അകന്നു പോകാതെ അവൾ വീണ്ടും വീണ്ടും എന്നിലേക്കു വന്നു കൊണ്ടിരിക്കുന്നതു തിരിച്ചറിഞ്ഞ ഞാൻ ഒരുപാടാഗ്രഹിച്ചു പോയി അത്തവണ...,,,  പ്രായത്തിന്റെ പക്വത പുറകെനടന്നു കൊണ്ടുള്ള മരംചുറ്റി പ്രണയത്തിൽ നിന്നും എന്നെ ഒരുപാടു മാറ്റിയിരുന്നു....,, കൈവിട്ടുപോകുമോ എന്ന സാഹചര്യത്തിൽ ഞാൻ അവളോടതു പറഞ്ഞു...,,

അവളിൽ ഞാൻ എന്റെ ഭാവി കാണുന്നു എന്നു...,,,

മറുപടിക്കായ്‌ കാത്തു..,, അവിടെ എന്റെ ജീവിതത്തിന്റെ പഴമ വീണ്ടും തിരിച്ചു വരികയായിരുന്നു....,, അവളുടെ മനസ്സിനോടു ഒരുപാടടുത്തു പോയ ഞാൻ അവളുടെ ഒരോ വാക്കിലും ആദ്യമായ്‌ അവൾക്കു തോന്നിയ  പ്രണയമെന്നോടായിരുന്നു എന്ന സത്യത്തെ പാലൂട്ടി വളർത്തുകയായിരുന്നു...,,

ഒരു വെളുത്ത തുണിയുടെ കറുത്ത മറയിലേക്കു ഒതുങ്ങുമ്പോൾ പോലും മനസ്സിൽ നിന്നും മായില്ലെന്നു എനിക്കുറപ്പുള്ള ഏതാനം നാളുകൾ...

അതിനിടയിൽ അവളിൽ നിന്നും ഞാനറിഞ്ഞു അവളുടെ മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞ മറ്റൊരു ബീജത്തിന്റെ കഥ...,, 

ഒരു ഹിമശ്രിംഗത്തിന്റെ ഉയരങ്ങളിൽ നിന്നും താഴ്‌വാരങ്ങൾ നോക്കി സന്തോഷിച്ച എന്നിലേക്കടുത്തു വന്നു ആ ആഴങ്ങളിലേക്കെന്നെ വലിച്ചെറിഞ്ഞ ഒരു യതി കാഴ്ച്ചയുടെ അഴിയാത്തചുരുൾ പോലെ ആശ്ചര്യപെട്ട എന്റെ മുന്നിലേക്കു വജ്രത്തുണ്ടുകൾ അവൾ നീട്ടിയപ്പോൾ അവസാന മിനുക്കുപണിക്കയ്‌ ഒരുങ്ങി നിന്ന ആ കൽപ്രതിമക്കുമേൽ ഏതോ പാതിരാപക്ഷി വന്നിരുന്നു...,,.. ശകുനങ്ങളിൽ വിശ്വസിക്കുന്ന ഒരു പഴമക്കാരനെ പോലെ ഞാൻ ആ പ്രതിമയെ തനിച്ചാക്കി നടന്നു നീങ്ങി...,, വീണ്ടുമൊരുനാൾ  തിരിച്ചു വന്നപ്പോഴേക്കും  ആ പ്രതിമയിലാ പക്ഷി കൂടുകൂട്ടിയിരുന്നു..,, അവൾ പറഞ്ഞു...,

"നിന്നെ എനിക്കൊരു സുഹൃത്തായി മാത്രമേ കാണാൻ കഴിയൂ""

മനസ്സും ശരീരവും കാതങ്ങൾക്കകലെ വാർദ്ധക്യം തേടിയുള്ള യാത്രയിലാണെന്നു തോന്നിപോയി.... മനസ്സിൽ കൊണ്ടുനടന്ന പ്രണയത്തോടു മനസ്സും മുഖം തിരിച്ചു.... വല്ലാത്തൊരേകാന്തത എന്നെ വന്നു പുണരുന്നു....,, അവയ്ക്കൊപ്പം ഒരായുഷ്കാലത്തോളം ഞാനുറങ്ങും എന്ന വാക്കിലവളോടൊരു യാത്രപറഞ്ഞു കൊണ്ട്‌ ഞാൻ നിശകളെ പ്രണയിക്കട്ടെ,,
അവരൊരിക്കലും എന്നെ നിരാശനാക്കില്ലെന്നെനിക്കറിയാം... .....


                                                                            വർഷം 2015 


                                                                                    

ആരംഭം

ഒരു ബ്ലോഗ്‌ എഴുതി തുടങ്ങണം എന്ന ആഗ്രഹം അമ്മയോടു പങ്കുവെച്ചപ്പോൾ ഭയത്തോടെ ആ അമ്മ എന്നെ നോക്കി..,, ആ കണ്ണിൽ കണ്ട ഭയം നാളെയൊരു രക്തനക്ഷത്രമായി ഞാനും അവസാനിക്കുമോ എന്ന ചോദ്യത്തിൽ നിന്നും ഉയർന്നതായിരുന്നു...,,, പക്ഷെ പലകാര്യങ്ങളിലും മുതിർന്നവരെ ധിക്കരിക്കേണ്ടി വരുന്നതിൽ എനിക്ക്‌ ദുഖമുണ്ട്‌...,,, അമ്മയുടെ പൂർണ സമ്മതത്തോടെ അല്ലാതെ ഞാൻ തുടങ്ങട്ടെ..