...............ഒരപരാധിയെ പോലെ കിഴക്ക് കുന്നിന്റെ ഒളിയിൽ നിന്നും കനത്ത മഞ്ഞിലേക്ക് എത്തി നോക്കി കൊണ്ട് അയാൾ പുറത്ത് വന്നു.., നിറം ചുകപ്പ്..,, ചില്ലുജാലകം വഴി അകത്ത് കടന്ന വെളിച്ചം കട്ടി കരിമ്പടം പകുത്തകത്ത് കടന്നു.., ഒരു മായൻ ഗോത്ര സ്ത്രീയുടെ കൈ പിടിച്ച് ഒരു കല്ലമ്പലത്തിന്റെ ചിവരുകൾക്കിടയിലൂടെ വശങ്ങളിലെ തീക്കയ്യുകൾ നോക്കികൊണ്ട് നടന്ന എന്റെ കണ്ണുകളിലേക്കായിരുന്നു ആ തെളിച്ചം അരിച്ചു കയറിയത്... അവളെ ഒന്നുകൂടി ഓർത്തു കൊണ്ട് കോടിയ ചുണ്ടിന്റെ വശങ്ങളിലൂടെ ഒലിച്ചിറങ്ങിയ ഇത്തിൾപശ വലിച്ചു കുടിച്ചു കൊണ്ടെഴുന്നേറ്റു..,, മുൻപിൽ എന്നെ തന്നെ കണികാണാൻ വേണ്ടി ഒരുക്കിയ കണ്ണാടിയിൽ ഒന്നു നോക്കി.., ഇന്നും മാറ്റമൊന്നും ഇല്ല..,, അല്ലെങ്കിൽ തന്നെ മാറുവാനെന്തിരിക്കുന്നു....
നടുമുറ്റത്തെ ചാരുകസേരയിൽ പത്രം ഒരു ബലാൽസംഘം കഴിഞ്ഞപോലെ കിടക്കുന്നു..,, അതിനകത്തും ബലാൽസംഘങ്ങളും പീഡനങ്ങളും മാത്രം..,മടുപ്പ്..,,കാലെ കണികണ്ട മുഖത്തിന്റെ മുഖപ്പിനു ഉയരം കാരണം അവനെയൊന്ന് ശരിപ്പെടുത്താൻ ചിന്തിച്ചിരുന്നു..,,ദിവസം ചൊവ്വയായിരുന്നതിനാൽ ഒന്ന് ശങ്കിച്ചു..,, ഇല്ല..,, ആ പതിവ് മാറിയിരിക്കുന്നു,, അസോസിയേഷൻ കൂടി തീരുമാനിച്ചിരിക്കുന്നു ഞായറുമായി വെച്ചുമാറാൻ....
തിരിയാത്ത കസേരയുള്ള പരമു നായരായിരുന്നു നാട്ടിലെ പേരു കേട്ട മുടി മുറിക്കാരൻ..,, ജാതി രോഗങ്ങൾ ഒഴിൻഞ്ഞ് പോയിരുന്നു..,,എങ്കിലും വടക്കു നിന്നൊരു കാറ്റിൽ മതം ,, ജാതി ഇങ്ങനെന്തോക്ക്യോ തിങ്ങി നിറഞ്ഞ് വരുന്നുണ്ടായിരുന്നു..,, പക്ഷേ പരമുനായർക്കതൊന്നും ഏറ്റിട്ടില്ലായിരുന്നു..,, അയാൾ വെള്ളം തൊട്ട് നനച്ച് മുറിപ്പ് തുടങ്ങി..,,
"എടാ, കൽക്കീ..,, നിന്റെ അടിക്കാട് വെളുത്ത് തീർന്നല്ലോടാ...."
അൽപം പരിഹാസം കലർത്തി അയാൾ പറഞ്ഞു.
"ഇതാണു പരമുവേട്ട ഇപൊ ഫാഷൻ." ഉപ്പേരികണക്കെ ഞാനും. പക്ഷേ കളസത്തിന്റെ വള്ളിപ്പുറത്ത് നിന്ന് അരിശം തലയോട്ടിയിലേക്ക് കയറുന്നുണ്ടായിരുന്നു....
പരമുവേട്ടൻ പറഞ്ഞത് നേരാണു "വെള്ളിരോമങ്ങൾ..." കൗമാരത്തിന്റെ വാർധക്യം., നല്ല സമയത്തിന്റെ പാതിയും ആലോചനകളാണു.., നടക്കാത്ത സ്വപ്നങ്ങളും നടന്നൊഴിഞ്ഞ ഇന്നലെകളും, പൂതലിച്ച ഓർമ്മകളും എല്ലാം വീണ്ടും വീണ്ടും ആലോചിച്ചുകൊണ്ടേ ഇരുന്നു... അതായിരിക്കാം വെള്ളിരോമങ്ങളെ ജനിപ്പിച്ചത്...,, പലരും പറഞ്ഞു അത് തന്നെ ആകും എന്ന്.... അറിയില്ല., എന്താണിത്ര ആലോചിക്കാൻ എന്ന് പലതവണ ഞാൻ ആലോചിച്ചിരിക്കുന്നു..,, പ്രായം ഇരുപത്തി ഒന്ന്,, കൗമാരം കഴിഞ്ഞിരിക്കുന്നു.., മനസിപ്പൊഴും കൗമാരത്തിൽ തന്നെ..,ശരി,, കൗമാരം തന്നെ..,ഇതിനിടക്കെന്താണിത്ര ആഴെ ചിന്തിക്കാൻ...?? അനുഭവങ്ങളാണോ,, അതോ ജീവിതമാണൊ??.., ജീവിതം,, ആ വാക്കിനു ഞാനുമായി വലിയ ബന്ധമൊന്നും തന്നെ ഇല്ല..,, എന്നാൽ അത് തന്നെയാണു എന്റെ ചിന്തകൾ.., ഒരു ഇരുപത്തൊന്നു കാരനു എന്ത് ജീവിതം???
എട്ടാം വയസ്സിൽ ഒരു വൃശ്ചിക കാറ്റിൽ ശവനാറി പൂക്കളുടെ ഗന്ധം ഒഴുകിവന്നു..,, ആ ഇടക്ക് ശവനാറികൾ പൂക്കാറില്ലായിരുന്നു..,, അന്ന് ചിരിച്ച ആ പൂക്കൾക്ക് പിറകെ കരഞ്ഞുകൊണ്ട് ഞാൻ അച്ഛനു തർപ്പണം ചെയ്തു..,,അമ്മ കരഞ്ഞു,, കൂടെ പലരും കരഞ്ഞു,,, രണ്ടുനാൾ ഇപ്പുറം ആ പലരും ചിരിച്ചു,,, അമ്മ മാത്രം കരഞ്ഞു കൊണ്ടേ ഇരുന്നു..,, ഇനിയും ആരെയോ യാത്രയാക്കൻ ആ പാതിരാപക്ഷി നീട്ടി കൂവി...,, നഷ്ടം...
കണ്ണീരിന്റെ മുറിപ്പാടുകൾക്കു മേൽ ഉണങ്ങിയ തുകൽചട്ട പറ്റികൂടി ഇരുന്നു,, പലരും വന്നിടക്കിടെ ആ മുറിവനക്കും.,, ചോര പൊടിയും,, കണ്ണീരടിഞ്ഞുറച്ച മുഖത്ത് കാലം കോറിയിട്ട വരകൾ തെളിഞ്ഞു,, ചിരിക്കാൻ മറന്നു ,, ശൈലികൾ മറന്നു ,,പാട്ടുകൾ മറന്നു,, പ്രണയിക്കാൻ മറന്നു,, , ചിന്തകളെ കുറിച്ച് വെച്ച് നെടുവീർപ്പിനൊപ്പം കണ്ണു നനയിക്കാൻ മാത്രം മറന്നില്ല..,
നഷ്ടങ്ങൾ ആണു നാം നേട്ടങ്ങളേക്കാൾ ഏറെ ഓർമ്മിക്കാറു...
സിറ്റി സെന്ററിന്റെ പടികളിറങ്ങി ചെന്ന എന്റെ മുഖത്തേക്കൊന്ന് പാളി നൊക്കി കൊണ്ട് അവൾ പറഞ്ഞു..,
"എവിട ആയിരുന്നു,, എത്ര നേരം കാത്തു..,, കാണാതായപ്പോൾ ഞാൻ വിളിച്ചിരുന്നു..."
'
ആരെ വിളിക്കാൻ' ഞാൻ ചിന്തിച്ചു,, അമ്മയെ ആയിരിക്കണം വിളിചത്., അതിനുള്ളത് തിരിച്ച് ചെല്ലുമ്പോൾ വാങ്ങാം..
"ആ,, ഞാൻ ശ്രദ്ധിച്ചില്ല.,, വരൂ അകത്തെക്കോ പുറത്തെക്കോ?" ഞാൻ ചോദിച്ചു
"തീർച്ചയായും പുറത്തേക്ക് തന്നെ..,, ആളുകളുടെ ചൂഴ്‌ന്നു നോട്ടം മടുത്തിരിക്കുന്നു.."
ഒന്നിച്ച് സിറ്റി സെന്ററിന്റെ പടികൾ കയറി ഞങ്ങൾ നടന്നു,, പറമ്പുചുറ്റി പായുന്ന കറുത്ത റോഡിന്റെ വശങ്ങളിലൂടെ..,, മുഖങ്ങളെ മനപ്പൂർവം അവഗണിച്ചു കൊണ്ട് ഞങ്ങൾ പരസ്പരം മാത്രം നോക്കി സംസാരിച്ചു..,, എന്നെതന്നെ തിരിച്ചറിയാൻ പഠിപ്പിച്ചവൾ..,, അതെ അവളായിരുന്നു..ഒരു കാലഘട്ടത്തിന്റെ അവശതയിൽ ബന്ധങ്ങൾ ബന്ധനങ്ങളെ വിട്ട് ഓടാൻ തുടിച്ചു,, കുരുക്കുകളിലേക്ക്..,, ആ വണ്ടി ചക്രത്തിനടിയിൽ ഞാൻ അരഞ്ഞു...,, ആ അലമുറ കേട്ട് മറ്റൊരുവൾ..,, ഒരു കൈ തന്നു,, മനസ്സു തന്നു,, പരസ്പരം കൈമാറിയ വസന്ത പുഷ്പങ്ങളിൽ ഒളിപ്പിച്ച് അവളെനിക്ക് ആ ചിരി സമ്മാനിച്ചു..,, കരഞ്ഞു തീരാനുള്ള കവിളുകളെന്നു ഞാൻ കരുതിയവയിൽ അവളാ പുഞ്ചിരി കൊണ്ട് ചുംബിച്ചു..,, ഒരുപാട് തവണ.. മെല്ലെ ആ ചിരി എന്നിലേക്കു പകർന്നു തന്നു..,, കുറേ നാൾ കഴിഞ്ഞവൾ പറഞ്ഞു,,
"കരഞ്ഞു കോറിയ നിന്റെ മുഖം ചിരിച്ചു കാണാൻ വന്നവളാണു ഞാൻ.,, ഇനി ഞാൻ യാത്രട്ടെ,, ഒരു പാടു പേർ എന്റെ ചുംബനങ്ങളെ കൊതിക്കുന്നു..."
അവൾ അകന്ന വഴിയിൽ ഇനിയും ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കി അകലങ്ങളുടെ ആഴം കണക്കാക്കി ഞാൻ നിന്നു...,, ആരും വന്നില്ല..
അങ്ങനെ ഒരുപാടുപേർ ,, പലതും പഠിപ്പിച്ചു,, , ഒടുവിൽ എല്ലാം ഓർത്ത് കരയാൻ മാത്രം ഞാൻ തനിയേ പഠിച്ചു....
പലതും എഴുതി അറിയിക്കണം എന്നുണ്ടായിരുന്നു..,, എന്റെ നിരീക്ഷണങ്ങളെ കുറിച്ച്,, എന്റെ ചിന്തകളെ കുറിച്ച്,, എന്നെ കുറിച്ച്..,, പക്ഷേ ഒരു നിഴലിച്ച കലാലയത്തിന്റെ ചുവരുകൾക്കിടെ എന്റെ സ്വപ്നങ്ങൾ നശിച്ചു കൂനി കൂടി,, അവൾ ആ മൂലയിലിരുന്ന് മുറുക്കി തുപ്പിയിരുന്നു..,, ആ ചുവപ്പ് കണ്ട് മതിഭ്രമിച്ചവർ പറഞ്ഞു,,
"വിപ്ലവ സഖാവിന്റെ കനൽ പുരണ്ട വാക്കുകൾ"
ഹേ ..,ഹേ..,അതിയൗവ്വനത്തിലേ പുകയില കൂട്ടി മുറുക്കി നീട്ടി തുപ്പുന്ന ഒരു മുതുക്കിയുടെ തുടർച്ചയാണു എന്റെ അകാലതയിലെ വെള്ളിരോമങ്ങളുടെ കൂമ്പാരം...,, അതെ,, അവളാണു ഒരു ഭ്രാന്തനെ പോലെ ചിന്തകൾക്കു പിറകെ ഓടി നടക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്.,,, അവൾ ഇന്നും എന്റെ കൂടെയുണ്ട്,, ഒഴിഞ്ഞു പോകാൻ ഞാൻ വിധിച്ചാലും തയ്യാറല്ലാതെ..,, ഈ ഓരോ വാക്കും അവൾ കൈപിടിച്ചെഴുതിക്കുന്നതാണു,, ഇത് അവളുടെ ചിന്തകളാണു...
"എങ്ങനെ കൽക്കി,, അസ്സലായിരിക്കുന്നോ??" ഒരു പരോളുകാരനെ പോലെ എന്നെ ഒരുക്കിയ പരമുവേട്ടൻ വിജയഭാവത്തിൽ ചോദിച്ചു
"ഭേഷായിരിക്കുന്നു..,, " ഞാനും വെച്ച് കാച്ചി കൊടുത്തു,, അല്ലെങ്കിൽ തന്നെ മൂന്നാം പക്കം മുഖം മാറ്റിയെഴുതുന്ന മുടിയിഴകളെ പ്രതി ദുഃഖിക്കാൻ എന്റെ പക്കൽ സമയമില്ല,, എനിക്കിനിയും ഒരുപാട് ചിന്തിക്കാനുണ്ട്...
"ഒരു ഇരുപത്തൊന്നുകാരനും ജീവിതം ഉണ്ട്,, അവനുപേക്ഷിച്ച സ്വപ്നങ്ങളിൽ,, അവനെ ഉപേക്ഷിച്ച രൂപങ്ങളിൽ അവൻ ഉണ്ടാക്കുന്ന ഒരു ജീവിതം.., അവന്റെ അനുഭവങ്ങൾ ആകുന്ന ജീവിതം..."
-കൽക്കി